കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിനേയും കൂട്ടാളി ഷുഹൈബിനേയുമാണ് പൊലീസ് പിടികൂടിയത്. രാമൻകുളങ്ങരയിലെ വീട്ടിൽ പ്രതികള്‍ ഒളിച്ചു താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ബിനോയി ഷാനൂരിന്‍റെ വീട്ടിലെ ഗോഡൗണിൽ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. 19 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. 25 ഓളം ചാക്കുകളിലായി വിവിധയിനത്തിൽപ്പെട്ട പുകയില ഉല്‍പന്നങ്ങൾ പിക് അപ് വാനിൽ ടാർ പോളിൻ ഷീറ്റ് മൂടി മറച്ച നിലയിലായിരുന്നു.
കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായിരുന്ന ബിനോയി ഷാനൂരിനെ ഡി.സി.സി പ്രസിഡന്‍റ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായി മത്സരിച്ചതിന് ഇയാളെ അന്നും പുറത്താക്കിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗവും, ആഡംബര വാഹനങ്ങളിലും കുട്ടികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച പുകയില ഉല്‍പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. പള്ളിമുക്ക് സ്വദേശിയായ പ്രാദേശിക കോൺഗ്രസ് നേതാവ് ബിനോയി ഷാനൂർ തന്‍റെ വീടിന് മുന്നിൽ പാൻ മസാല നിറച്ച പിക്കപ്പ് വാൻ കൊണ്ടിടുകയായിരുന്നുവെന്ന് അയൽവാസി പൊലീസിന് മൊഴി നൽകി. 77 ജുവനൈൽ ജസ്റ്റിസ് ആക്‌ട്, 24 കോട്‌പാ ആക്‌ട്, 118 (ഐ) കേരളാ പൊലീസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത് .