കൊല്ലം: സിപിഐയുടെ ചരിത്രം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്. 1964ല്‍ വിഭജിച്ച് സിപിഎമ്മും സിപിഐയുമായി മാറുമ്പോൾ സിപിഐയ്ക്ക് വനിതാ മന്ത്രിയുണ്ടായിരുന്നു. സാക്ഷാല്‍ കെആർ ഗൗരിയമ്മ. എന്നാല്‍ ഗൗരിയമ്മ അന്ന് സിപിഎമ്മിനൊപ്പം നിന്നതോടെ സിപിഐയ്ക്ക് വനിതാ മന്ത്രിയുണ്ടായില്ല. ആ ചരിത്രം തിരുത്തിയെഴുതുകയാണ്. 62 വർഷങ്ങൾക്ക് ശേഷം. സിപിഐയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മന്ത്രിയായി ജെ ചിഞ്ചുറാണിയെ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ചാണ് ചിഞ്ചുറാണി നിയമസഭയിലെത്തുന്നത്.
ALSO READ: പിണറായി 2.0: ഭരണത്തുടർച്ചയ്ക്ക് പുതിയ മുഖം, അറിയാം 11 മന്ത്രിമാരെ..
കൊല്ലം മുണ്ടയ്ക്കലില്‍ കമ്മ്യൂണിസ്റ്റ് നേതാവ് എൻ. ശ്രീധരന്‍റെയും ജഗദമ്മയുടേയും മകളായി 1963ല്‍ ജനനം. കൊല്ലം ശ്രീനാരായണ വനിത കോളജിലെ കായിക താരമായാണ് ചിഞ്ചുറാണി പൊതുമണ്ഡലത്തില്‍ സജീവമാകുന്നത്. തുടർന്ന് എഐഎസ്എഫ് നേതാവായി വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ചിഞ്ചുറാണി ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ ഇരവിപുരം ലോക്കൽ കമ്മിറ്റി അംഗമായി സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ചിഞ്ചുറാണി നിലവില്‍ സിപിഐ ദേശീയ കൗൺസില്‍ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റുമാണ്. കൊല്ലം കോർപറേഷനിലേക്കും കൊല്ലം ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെടുകയും നിരവധി സമിതികളുടെ അധ്യക്ഷയായും പ്രവർത്തിച്ചു. സംസ്ഥാന പൗൾട്രി കോർപറേഷൻ ചെയർപേഴ്സനായിരിക്കെയാണ് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ALSO READ:പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്, അത് നന്നായി ചെയ്‌തു: കെകെ ശൈലജ
സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി. സുകേശനാണ് ഭർത്താവ്. മക്കൾ നന്ദു സുകേശൻ (ഇന്‍റീരിയൽ ഡിസൈനർ), നന്ദന റാണി (പ്ലസ്ടു വിദ്യാർഥിനി).