കൊല്ലം: കൊട്ടാരക്കരയിൽ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു വിവാഹം നടത്തിയതിന് വധുവിന്‍റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയും വിരമിച്ച പൊലീസുദ്യോഗസ്ഥനുമായ രാജേന്ദ്രൻ ആചാരിക്ക് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിനാളുകളാണ് വിവാഹത്തിൽ പങ്കെടുത്തത്. സംസ്ഥാനത്ത് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വിവാഹ ചടങ്ങുകൾ ലളിതമാക്കണമെന്നും ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്നുമുള്ള സർക്കാർ ഉത്തരവ് ലംഘിച്ചു വിവാഹം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. ജില്ലയിലെ കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ വിവാഹം നടക്കുന്ന വിവരം എത്തിയതിനെത്തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു.
വീടിന് മുന്നില്‍ പ്രത്യേകം പന്തലിട്ടായിരുന്നു വിവാഹ ചടങ്ങുകളും സദ്യയും. വെട്ടിക്കവല പഞ്ചായത്ത് ഓഫീസിന് അന്‍പത് മീറ്റര്‍ മാത്രം അകലെയാണ് ചടങ്ങ് നടന്നത്. പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. വിവാഹ ചടങ്ങുകളില്‍ കര്‍ശനമായ നിയന്ത്രണം പാലിക്കണമെന്നും പത്ത് പേരില്‍ കൂടുതല്‍ പങ്കെടുപ്പിക്കരുതെന്നും പലതവണ വീട്ടില്‍ പോയി അഭ്യര്‍ഥിച്ചിരുന്നതായും പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതെല്ലാം ലംഘിച്ചു കൊണ്ടായിരുന്നു വിവാഹം ആർഭാടമായി നടത്തിയത്.