കൊല്ലം: കൊവിഡ് വ്യാപനം തടയാൻ ആവശ്യമായ സംവിധാനങ്ങൾക്ക് രൂപം നൽകി അമൃത വിശ്വവിദ്യാപീഠം. കൊവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് സംരക്ഷണമൊരുക്കുന്ന ഉപകരണങ്ങളാണ് അമൃതയിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മെഡിസിൻ, നാനോ സയൻസ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ, സെൻസർ-മാനുഫാക്ചറിങ്, മെറ്റീരിയൽ സയൻസ് എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധരായ 60ലധികം പേർ ചേർന്നാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഐസിയു, ഐസൊലേഷൻ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ അവിടെ ഘടിപ്പിക്കുന്ന ഒരു സ്മാർട് ഫോണിലൂടെ ഡോക്ടർക്കോ, രോഗിയെ പരിചരിക്കുന്നവർക്കോ കാണാൻ കഴിയുന്ന സംവിധാനമാണ് ഇതിൽ പ്രാധാനം. അമൃത സെന്‍റർ ഫോർ വയർലെസ് ആൻഡ് ആപ്ലിക്കേഷൻ നെറ്റ്‌വർക് വിഭാഗമാണ് സ്മാർട് ഫോൺ നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
രോഗിയുടെ ഇസിജി, പ്രഷർ, രക്തത്തിലെ ഓക്സിജൻ ലെവൽ, ഹാർട്ട് റേറ്റ് എന്നിവയെല്ലാം ദൂരെയുള്ള മോണിറ്ററിലോ, സ്മാർട്ട് ഫോണിലോ വീക്ഷിക്കാൻ കഴിയും. ഇങ്ങനെ കൊവിഡ് രോഗികളുമായുള്ള സമ്പർക്കം കുറയ്ക്കുവാനും രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുവാനും സാധിക്കും. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്. ലളിതമായ ഈ സംവിധാനം ഏത് ആശുപത്രിയിലും ഉപയോഗപ്പെടുത്താം. ഒരു സെൽഫി സ്റ്റിക്കിനുള്ള തുക മാത്രം ഇതിനായി മുടക്കിയാൽ മതി.