കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയം വിശദമായി വിലയിരുത്തുന്നതിനും നേതാക്കളുമായി ചർച്ച നടത്തുന്നതിനും എഐസിസി സെക്രട്ടറി പി. വിശ്വനാഥൻ കൊല്ലത്തെത്തി. ഡിസിസി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്‌ണയും നേതാക്കളും ചേർന്ന് സ്വീകരിച്ചു.
ജില്ലയിലെ മുതിർന്ന നേതാക്കൾ, നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിപിസിസി ഭാരവാഹികൾ, ഡിസിസി ഭാരവാഹികൾ എന്നിവരുമായി ആദ്യം അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക് ശേഷം മണ്ഡലം പ്രസിഡന്‍റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുമായും ചർച്ച നടത്തും. നിർജീവമായ കമ്മിറ്റികളുടെ പുന:സംഘടനയടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. ഡിസിസി പ്രസിഡന്‍റിനെതിരെ ഒരു വിഭാഗം നടത്തുന്ന ആക്ഷേപങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയും യോഗത്തിൽ ചർച്ച ചെയ്യും.