കൊല്ലം: ജില്ലയിലെ അഭയകേന്ദ്രങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സാമൂഹ്യനീതി വകുപ്പ് (Social Justice Department). വൃദ്ധയെ അഭയകേന്ദ്രം നടത്തിപ്പുകാരൻ മർദിച്ചുവെന്ന പരാതിയിൽ (Arpita orphanage inmate beaten) കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് വകുപ്പിൻ്റെ തീരുമാനം. അതേസമയം വൃദ്ധയെ മർദിച്ചില്ലെന്നും മുൻ ജീവനക്കാരുടെ പക്കൽ സ്ഥാപനത്തിൻ്റെ രേഖകൾ ഉണ്ടെന്നുമാണ് നടത്തിപ്പുകാരൻ സജീവന്‍റെ പ്രതികരണം. സ്ഥാപനത്തിന്‍റെ രേഖകൾ മുൻ ജീവനക്കാർ കടത്തി കൊണ്ട് പോയതാണെന്നും സജീവൻ പറഞ്ഞു.
READ MORE: വയോധികർക്ക് മർദനം : അഞ്ചലിലെ സ്നേഹാലയം അടച്ചുപൂട്ടാൻ ഉത്തരവ്
വൃദ്ധയ്ക്ക് മർദനമേറ്റ അഞ്ചൽ അർപ്പിത അഭയകേന്ദ്രത്തിൽ നിന്ന് അന്തേവാസികളെ കലയപുരത്തെ അഭയ കേന്ദ്രത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 22 അന്തേവാസികൾ ഉള്ളതിൽ 12 പേരുടെ മേൽവിലാസം കണ്ടെത്താൻ ഇതുവരെ സാധിച്ചു. ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായാൽ വയോജനങ്ങളെ വീടുകളിലേക്ക് മടക്കി അയക്കാനാണ് തീരുമാനം.
മതിയായ കാരണങ്ങളില്ലാതെ വയോജനങ്ങളുടെ സംരക്ഷണത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ബന്ധുക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് അറിയിച്ചു. വിവാദമായ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്ന അന്തേവാസികളിൽ പലരും കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെങ്കിലും ചികിത്സയോ കൃത്യമായ പരിചരണമോ ലഭിച്ചില്ലെന്നാണ് വകുപ്പിന്‍റെ കണ്ടെത്തൽ. ജില്ലാ കലക്ടറുടെ നിർദേശത്തെതുടർന്നാണ് അഭയകേന്ദ്രം അടച്ചുപൂട്ടിയത്.