കൊല്ലം: സുനാമിയുടെ രൂപത്തില്‍ രാക്ഷസത്തിരമാലകള്‍ ആലപ്പാടിന്‍റെ തീരം കവര്‍ന്ന നടുക്കുന്ന ഓര്‍മകള്‍ക്ക് 16 വയസ്സ്. ആലപ്പാട്ടെ 142 പേരുടെ ജീവനും ആയിരക്കണക്കിന് വീടുകളും ദുരന്തത്തിൽ നഷ്ടപ്പെട്ടു. ഇന്ത്യോനേഷ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് 2004 ഡിസംബര്‍ 26ന് ഉച്ചയോടെയാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറിയത്.
കരുനാഗപ്പള്ളി താലൂക്കിന്‍റെ പടിഞ്ഞാറൻ ഭാഗത്തായി ടിഎസ് കനാലിനും അറബിക്കടലിനുമിടയില്‍ 19 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന പ്രദേശമാണ് ആലപ്പാട്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശം. ഇവിടുത്തെ ഭൂരിഭാഗം തീരവും അശാസ്ത്രീയമായ ഖനനവും ദീര്‍ഘവീക്ഷണമില്ലാത്ത കടല്‍ഭിത്തി നിര്‍മാണവും മൂലം ഇതിനകം കടലെടുത്തുപോയി. അവശേഷിക്കുന്ന തുരുത്തിലെ ഗ്രാമജീവിതത്തിന് മേലേക്കാണ് സുനാമി ദുരന്തം 16 വര്‍ഷംമുമ്പ് അടിച്ചു കയറിയത്. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. ആയിരത്തോളം കുടുംബങ്ങള്‍ പൂര്‍ണമായും ദുരിതത്തിലായി. മൂവായിരത്തിലേറെ വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടം നേരിട്ടു.
ആലപ്പാടിന്‍റെ വടക്കന്‍ മേഖലകളായ കുഴിത്തുറ, പറയകടവ്, ശ്രായിക്കാട്, അഴീക്കല്‍ മേഖലകളിലാണ് സുനാമി കൂടുതല്‍ ദുരിതം വിതച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ എല്ലാ വര്‍ഷവും ഒത്തുകൂടുന്ന ഇടമുണ്ട് ആലപ്പാട് ഗ്രാമത്തില്‍. സുനാമി തിരമാലകള്‍ ആര്‍ത്തിരമ്പി എത്തിയപ്പോള്‍ ജീവന്‍ പൊലിഞ്ഞവരെ കൂട്ടമായി സംസ്‌കരിച്ച സ്ഥലത്ത് നിര്‍മിച്ച സുനാമി സ്മൃതിമണ്ഡപത്തില്‍ ഇവര്‍ ഒത്തു കൂടി കണ്ണുനീര്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും. സുനാമിയെ തുടര്‍ന്ന് 1,441 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെങ്കിലും കാര്യമായ പരിഗണന ആലപ്പാടിന് ലഭിച്ചില്ലെന്ന പരാതി ഇന്നും നിലനില്‍ക്കുന്നു.