കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ സശസ്ത്ര സീമാബെല്ലിനും(എസ്എസ്ബി), സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമിക്കും(സാഗ്) തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് എസ്എസ്ബി ഹോക്കി ഹിമാചലിനെ തകര്‍ത്തത്. രഞ്ജിത മിന്ജിന്റെ ഫീല്‍ഡ് ഗോളിലൂടെ മുന്നിലെത്തിയ എസ്എസ്ബിക്കായി മനീഷ, പ്രീതി എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. മാക്‌സിമ എക്കയും ഒരു ഗോള്‍ സ്‌കോര്‍ ചെയ്‌തു. ഇതോടെ എസ്എസ്ബി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.
വിദര്‍ഭ ഹോക്കി അസോസിയേഷനെ തരിപ്പണമാക്കിയാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമിയുടെ വിജയത്തുടക്കം. ഒന്നിന് പിറകെ ഒന്നായി ഒമ്പത് ഗോളുകളാണ് സാഗ് വിദര്‍ഭയുടെ വലയിലേക്ക് അടിച്ചുകയറ്റിയത്. സാഗിനായി ശിവാങ്കി സോളങ്കി ഹാട്രിക്ക് നേടി. പരമേശ്വരി ഷാ രണ്ട് ഗോളും ഹിമാന്‍ഷി റദാദിയ, മൈത്രി റാംവാല, സാനിയ നൊറോണ, പ്രാചി പട്ടേല്‍ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി. ശനിയാഴ്‌ച ടൂര്ണമെന്റില് നാല് മത്സരങ്ങള്‍ നടക്കും.