കാസർകോട് : സ്കോട്ട്ലൻഡ് യാർഡിനെ വെല്ലുന്ന പൊലീസ് സേനയെ പിണറായി സർക്കാർ ഒന്നിനും കൊള്ളാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസിലെ ഒരു വിഭാഗം ഗുണ്ട, ലഹരി മാഫിയയുടെ ഭാഗമാണ്. പല ഉദ്യോഗസ്ഥരുടെയും ഗുണ്ട ബന്ധം നേരത്തെ പുറത്തുവന്നതാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. പൊലീസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പാർട്ടിയാണ് പൊലീസ്. പാർട്ടിവത്കരണമാണ് പൊലീസിനെ ഈ നിലയിലെത്തിച്ചത്.എസ്‌പിയെ നിയന്ത്രിക്കുന്നത് ജില്ല കമ്മിറ്റിയാണ്. എസ്എച്ച്ഒയെ നിയന്ത്രിക്കുന്നത് ഏരിയ കമ്മിറ്റിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
മയക്കുമരുന്ന് മാഫിയ ബന്ധമുള്ളവർ പോലും പൊലീസ് സേനയിലുണ്ട്. സമാനമായി ഏറ്റവും അനാസ്ഥയുള്ള വകുപ്പായി വനവും മാറിയെന്നും വയനാട്ടില്‍ ജനങ്ങള്‍ വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. വനാതിര്‍ത്തികളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ.സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് മതിയായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി നഷ്‌ടപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം.അപകടകരമായ സ്ഥിതി വിശേഷമാണത്. എങ്ങനെ ബാലറ്റ് പെട്ടി കിലോമീറ്ററുകള്‍ കടന്നുവെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.