കാസർകോട്: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് (Variety Protest of Congress Leader Against Congress Governing Body of Co-operative Bank). സ്വന്തം തല മുണ്ഡനം ചെയ്‌താണ് ഹോസ്‌ദുർഗ് സഹകരണ ബാങ്ക് ഡയറക്‌ടറും പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമായ പത്മരാജൻ ഐങ്ങോത്ത് പ്രതിഷേധിച്ചത്. ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ നടപടി ഇല്ലെന്നാരോപിച്ച് ഹോസ്‌ദുർഗ് അസി. രജിസ്ട്രാർ ഓഫീസിന് മുന്നിലായിരുന്നു പത്മരാജൻ്റെ പ്രതിഷേധം.
ബാങ്ക് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭരണസമിതിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തിരിമറി നടത്തിയവർക്കെതിരെ പാർട്ടിക്ക് ഉള്‍പ്പെടെ പല തവണ പരാതി നൽകി. എന്നിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനാലാണ് തന്‍റെ പ്രതിഷേധമെന്ന് പത്മരാജൻ പറയുന്നു.
Also Read: വെള്ള പെയിന്‍റില്‍ മുങ്ങിയെത്തി, പ്രതിഷേധം വേറെ ലെവല്‍: ഈ പഞ്ചായത്ത് മെമ്പർ പണ്ടേ വൈറലാണ്...
2021 ൽ ബാങ്ക് പരിധിക്ക് പുറത്തുള്ള വസ്‌തു ഉടമയായ സ്ത്രീയെ തെറ്റിധരിപ്പിച്ച്, വസ്‌തുവിന് ഓവർ വാല്യൂവേഷൻ നടത്തി നാല്‍പ്പത് ലക്ഷം രൂപ ലോണ്‍ എടുത്തു. യൂത്ത് കോൺഗ്രസിന്‍റെ മലയോരത്തുള്ള ഉന്നത നേതാവിന്‍റെ നേതൃത്വത്തിലാണ് ഇടപാട് നടന്നത്. ബാങ്കിന്‍റെ ഡയറക്‌ടർമാരിൽ ചിലർ ക്രമവിരുദ്ധമായി ലോൺ ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ടും പരാതി നൽകിയെങ്കിലും നടപടിയോ മറുപടിയോ ഇല്ല. പരസ്യങ്ങളുടെ പേരിലും തട്ടിപ്പ് നടക്കുന്നു. ബോർഡ് യോഗങ്ങൾ അവസാനിച്ച ശേഷവും ബോർഡിൽ വെക്കാത്ത പല തീരുമാനങ്ങളും മിനിട്‌സ് ബുക്കിൽ തിരുകി കയറ്റി. ഇതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഇല്ലെന്ന് പത്മരാജൻ പറയുന്നു.