കാസർകോട്: കന്നുകാലികളുടെ കുടൽ മോഷ്‌ടിച്ച് കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മോഷണ മുതലായ കുടൽ വാങ്ങിയ അസം സ്വദേശികളായ സെയ്‌ദുല്‍ (26), റൂബിയൽ (22) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് 980 കഷണം കന്നുകാലി കുടലുകളും 50,000 രൂപയും പൊലീസ് പിടിച്ചെടുത്തു.
9 പേർ പ്രതികൾ: ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും 15 ലക്ഷത്തിന്‍റെ കുടലാണ് ആറ് പേർ ചേർന്ന് കടത്തിയത്. മോഷ്‌ടിച്ച ചരക്കിൽ ഭൂരിഭാഗവും മറിച്ചുവിറ്റ് അഞ്ചരലക്ഷത്തോളം രൂപ എല്ലാവരും വീതിച്ചെടുത്തെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളായ ആറ് അസം സ്വദേശികൾ ബംഗാളിലേക്ക് കടന്നതായാണ് സൂചന.
പിടിയിലായവർ അടക്കം ഒമ്പത് പേരാണ് കേസിലെ പ്രതികൾ. ഏപ്രിൽ 18നാണ് കേസിനാസ്‌പദമായ സംഭവം. പോത്ത്, ആട്, കാള തുടങ്ങിയവയുടെ കുടലുകളും മറ്റും ഉണക്കി ഉപ്പിലിട്ടശേഷം ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കാസർകോട് ചൗക്കി മജലിൽ എട്ടുവർഷം മുൻപാണ് ഇത് പ്രവർത്തനമാരംഭിച്ചത്.
പ്രതികൾ ആറ് പേരും അഞ്ചുവർഷമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഇതിനു സമീപത്തുതന്നെയുള്ള മുറിയിലായിരുന്നു താമസം. 80 ചാക്കുകളിലാക്കി സൂക്ഷിച്ച 5200 കഷണം കുടലുകൾ രാത്രിയിൽ ലോറിയിൽ കടത്തുകയായിരുന്നു.
സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാണാതായി. ഇത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികൾ വലയിലായത്. മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായത് തമിഴ്‌നാട്ടിൽ നിന്നും: കാണാതായ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആദ്യ ഘട്ടത്തിൽ പ്രതിസന്ധിയിലായിരുന്നു. തുടർന്ന് കാസർകോട് ഇൻസ്‌പെക്‌ടർ പി അജിത് കുമാർ മൂന്നുപേരടങ്ങിയ പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചു. ഈ സ്‌ക്വാഡ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
പ്രതികൾ തമിഴ്‌നാട്ടിൽ എത്തിയ ഉടൻ മൊബൈൽ ഫോൺ ഓൺ ചെയ്‌തു. അസംസ്‌കൃത വസ്‌തുക്കൾ കൈമാറുന്നതിന് വേണ്ടി വിളിക്കാനാണ് ഫോൺ ഓണാക്കിയത്. ശേഷം ഫോൺ ഓഫ് ചെയ്‌തു. ഫോൺ തുറന്നത് തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ നിന്നാണെന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തിയ കാസർകോട് പൊലീസ് പിന്നീട് അന്വേഷണം വേഗത്തിലാക്കി.
തമിഴ്‌നാട് ദിണ്ടിഗലിലുള്ള സെയ്‌ദുൽ എന്നയാളുമായി ഇയാൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഈ വിവരങ്ങളിൽ നിന്ന് മനസിലായി. ദിണ്ടിഗലിൽ കന്നുകാലിക്കുടലുകൾ കയറ്റി അയക്കുന്ന വ്യാപാരം ചെയ്യുന്നയാളാണ് സെയ്‌ദുലെന്നും കണ്ടെത്തി.
ഇതോടെ പൊലീസ് സംഘം സെയ്‌ദുലിനെ തിരഞ്ഞ് ദിണ്ടിഗലിൽ എത്തിയെങ്കിലും ഇയാൾ ഇവിടെനിന്നും മുങ്ങിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെയും കൂട്ടാളിയായ റൂബിയലിനെയും തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.