ഇകെ നായനാർ, ഒ ഭരതൻ, പി കരുണാകരൻ... സിപിഎമ്മിന്‍റെ കരുത്തരായ നേതാക്കളെ നിയമസഭയിലേക്ക് വിജയിപ്പിച്ച മണ്ഡലം. 1977ല്‍ രൂപീകൃതമായ ശേഷം സിപിഎം എംഎല്‍എമാർ മാത്രം ജയിച്ചുവന്ന മണ്ഡലം. കയ്യൂർ- കരിവള്ളൂർ സമരചരിത്രങ്ങളുടെ ഓർമകൾ ഉറങ്ങുന്ന തൃക്കരിപ്പൂർ ഇത്തവണ മാറി ചിന്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്.
മണ്ഡല ചരിത്രം
1977ല്‍ മണ്ഡലം രൂപീകൃതമായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് പി കരുണാകരനാണ് തൃക്കരിപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1980ലും പി കരുണാകരൻ നിയമസഭയിലെത്തി. 1982ല്‍ ഒ ഭരതനെ തൃക്കരിപ്പൂർ നിയമസഭയിലെത്തിച്ചു. 1987ല്‍ ഇകെ നായനാർ തൃക്കരിപ്പൂരില്‍ നിന്ന് ജയിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. 1991ലും നായനാർ തൃക്കരിപ്പൂരിനെ പ്രതിനിധീകരിച്ചു. 1996ലും 2001ലും കെപി സതീഷ് ചന്ദ്രൻ സിപിഎം പ്രതിനിധിയായി നിയമസഭയിലെത്തി. 2006ലും 2011ലും കെ കുഞ്ഞിരാമനായിരുന്നു തൃക്കരിപ്പൂരിലെ സിപിഎം എംഎല്‍എ. 2016ല്‍ എം രാജഗോപാലനും സിപിഎം പ്രതിനിധിയായി തൃക്കരിപ്പൂരില്‍ നിന്ന് നിയമസഭയിലെത്തി.
2011-ൽ മണ്ഡല പുനർനിർണയം നടന്നതോടെ തൃക്കരിപ്പൂർ മണ്ഡലത്തിന്‍റെ രാഷ്ട്രീയ സ്വഭാവത്തില്‍ മാറ്റം വന്നു. ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ഇടതുമുന്നണി വിജയിച്ചിരുന്ന മണ്ഡലത്തിൽ 2011-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ യുഡിഎഫിനായി. 8765 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് കുഞ്ഞിരാമന്‍റെ വിജയം. എന്നാൽ 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവാണ് ഇടതുമുന്നണി നടത്തിയത് കോൺഗ്രസിന്‍റെ കെ.പി കുഞ്ഞിക്കണ്ണനെ 16,959 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം. രാജഗോപാലന്‍ പരാജയപ്പെടുത്തിയത്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടിക പ്രകാരം 194025 വോട്ടർമാരാണ് തൃക്കരിപ്പൂരിലുളളത്. 92376 പുരുഷവോട്ടർമാരും 101649 സ്‌ത്രീ വോട്ടർമാരും.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
നീലേശ്വരം നഗരസഭയ്‌ക്കൊപ്പം ചെറുവത്തൂർ, ഈസ്‌റ്റ് എളേരി, കയ്യൂർ- ചീമേനി, പടന്ന, പീലിക്കോട്, തൃക്കരിപ്പൂർ, വലിയപറമ്പ്, വെസ്‌റ്റ് എളേരി എന്നീ എട്ട് പഞ്ചായത്തുകളാണ് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലുള്ളത്. നീലേശ്വരം നഗരസഭ എല്‍ഡിഎഫാണ് ഭരിക്കുന്നത്. മൂന്ന് പഞ്ചായത്തുകൾ യുഡിഎഫും നാല് എണ്ണം എൽഡിഎഫും ഒന്ന് യുഡിഎഫ് വിമതരും ഭരിക്കുന്നു. മലയോരമേഖലയിലെ വോട്ടുകൾ വിധി നിശ്ചയിക്കുന്ന തൃക്കരിപ്പൂരില്‍ ക്രിസ്‌ത്യൻ, മുസ്‌ലീം വോട്ടുകൾ നിർണായകമാണ്. സർക്കാരിന്‍റെ വികസന നേട്ടങ്ങൾ തന്നെയാണ് സിപിഎം മുഖ്യ പ്രചരണ വിഷയമാക്കുന്നത്. പ്രാദേശിക വിഷയങ്ങൾ ഉയർത്തി തൃക്കരിപ്പൂരില്‍ മികച്ച സ്ഥാനാർഥിയെ മത്സരിപ്പിച്ചാല്‍ വിജയിക്കാമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. ശബരിമല അടക്കമുള്ള വിഷയങ്ങൾ ആവർത്തിച്ച് ഉന്നയിച്ച് പരമാവധി വോട്ടുകൾ നേടാനാകും ബിജെപി ശ്രമം.
ഒരു തവണ മത്സരിച്ച സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. അങ്ങനയെങ്കില്‍ സിറ്റിങ് എംഎൽഎ എം രാജഗോപാൽ തന്നെ മത്സരിക്കാനാണ് സാധ്യത. യുഡിഎഫിൽ കോൺഗ്രസിന്‍റെ കൈവശമുള്ള സീറ്റിൽ കഴിഞ്ഞതവണ മത്സരിച്ച കെപി കുഞ്ഞിക്കണ്ണനാകും ഇത്തവണയും സ്ഥാനാർഥി. ഡിസിസി ജനറൽ സെക്രട്ടറി രാജ കട്ടയത്ത് അടക്കമുള്ളവരുടെ പേരുകളും പരിഗണനയിലുണ്ട്. പൊതുസമ്മതിയുള്ള ആളെ തൃക്കരിപ്പൂരില്‍ സ്ഥാനാർഥിയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.