കാസർകോട്: കിടപ്പു രോഗികള്‍ക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ഒത്തുചേരലിന്‍റെ സുദിനം സമ്മാനിച്ച് വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കുടുംബസംഗമം. ഇടയിലക്കാട് കായലോരത്തിന്‍റെ മനോഹരമായ കാഴ്ചകള്‍ക്കൊപ്പമായിരുന്നു സംഗമം. പ്രശസ്ത സിനിമ പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങി കഴിയേണ്ടിവരുന്ന പാലിയേറ്റീവ് രോഗികള്‍ക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തിന്‍റെ നല്ല നിമിഷങ്ങള്‍ സമ്മാനിക്കുക എന്നതാണ് പാലിയേറ്റീവ് കുടുംബസംഗമങ്ങളുടെ ലക്ഷ്യം.
ശാരീരിക പരിമിതികള്‍ക്കിടയിലും കവിതാ രചനയില്‍ സര്‍ഗാത്മകത തെളിയിച്ച ഇടയിലക്കാട്ടെ വി.രതീഷിന്‍റെ കവിത ആലപിച്ചു കൊണ്ടാണ് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തത്. രതീഷിന്‍റെ കവിത സമാഹാരത്തിലെ മുഴുവന്‍ കവിതകളും ഈണമിട്ട് ആലപിച്ച് രതീഷിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പടന്ന കടപ്പുറം അല്‍അമീന്‍ ഓര്‍ക്കസ്ട്രയുടെ വട്ടപ്പാട്ട് പരിപാടിയുടെ മുഖ്യ ആകര്‍ഷകമായി. ഇരുപതിലധികം വരുന്ന മാപ്പിളപ്പാട്ട് കലാകാരന്മാരാണ് ഒരു മണിക്കൂര്‍ നേരത്തെ കലാ പ്രകടനം കാഴ്ചവച്ചത്.