കാസർകോട്: കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണികൾക്കായി ചന്ദ്രഗിരി പാലം അടച്ചിട്ടത് യാത്ര ക്ലേശം രൂക്ഷമാക്കി. രണ്ടാഴ്ചത്തേക്കാണ് ചന്ദ്രഗിരി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചത്. പാലം അടച്ചതോടെ ചരക്ക് വാഹനങ്ങളും ദീർഘദൂര ബസുകളും ദേശീയ പാത വഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്.
35 വർഷം പഴക്കമുള്ള ചന്ദ്രഗിരി പാലത്തിന്റെ സ്പാനുകൾ തമ്മിലെ വിടവ് വലുതായി അപകട സാധ്യത ഏറിയതിനാലാണ് അറ്റകുറ്റപ്പണികൾ വേണ്ടിവന്നത്. രണ്ടാഴ്ച പൂർണമായും വാഹന ഗതാഗത നിരോധിച്ചു കൊണ്ടാണ് 24 മണിക്കൂറും പ്രവർത്തികൾ നടക്കുന്നത്.
പാലത്തിന്റെ സ്പാനുകൾക്കിടയിൽ ഉരുക്കു സ്ട്രിപ്പുകൾ പിടിപ്പിച്ച് കോൺക്രീറ്റ് ചെയ്യാനാണ് പദ്ധതി.
ദേശസാൽകൃത പാതയായ ചന്ദ്രഗിരി വഴിയുള്ള കെഎസ്ആർടിസി സർവീസുകൾ ചെമ്മനാടിൽ യാത്ര അവസാനിപ്പിക്കുന്നു. തുടർന്ന് കാൽ നടയായി വേണം യാത്രക്കാർക്ക് മറുകര എത്താൻ. ഇവിടെ നിന്നും ഓട്ടോകളാണ് നഗരത്തിലേയ്ക്ക് സർവീസ് നടത്തുന്നത്. പാലം അടച്ചത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും യാത്രക്കാർക്ക് പരാതികളേതുമില്ല.
പാലത്തിന്‍റെ കൈവരികളും നന്നാക്കുന്നുണ്ട്. ചന്ദ്രഗിരി പാലം നവീകരണ പ്രവൃത്തിക്കായി കൂടുതൽ ദിവസം അടച്ചിടുന്നതിനാൽ കാസർകോട് നഗരത്തിൽ നിന്നും മറ്റുവഴികളിലൂടെ വാഹനങ്ങളെ തിരിച്ചുവിടുന്നുണ്ട്.