കാസർകോട്: വലിയ വാഗ്‌ദാനങ്ങളുമായി എത്തിയ കാസർകോട് ബേളയിലെ കംപ്യൂട്ടറൈസ്‌ഡ് ഡ്രൈവിങ് ടെസ്റ്റും ട്രാക്കും പ്രവർത്തനക്ഷമമല്ല. ഉദ്ഘാടനം നടത്തി മൂന്നു വർഷത്തിന് ഇപ്പുറവും ആർക്കും ഉപകാരം ഇല്ലാതെ നോക്കുകുത്തിയാകുകയാണ് ഈ സർക്കാർ പദ്ധതി. കമ്പികൾ കുത്തിവെച്ചുള്ള ഡ്രൈവിങ് ടെസ്റ്റുകൾക്ക് വിട എന്ന് പരസ്യ പ്രചരണം നടത്തിയാണ് ബേളയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ ഒരുങ്ങിയത്.
ഡ്രൈവിങ് ടെസ്റ്റിനായി ഉദ്യോഗസ്ഥരുടെ ആവശ്യമില്ലാത്ത ഈ അത്യാധുനിക സാങ്കേതിക വിദ്യക്കായി സർക്കാർ നൽകിയത് നാല് കോടി 20 ലക്ഷം രൂപയാണ്. കേന്ദ്രം ഉപയോഗ ശൂന്യമായി നശിക്കുന്നതിന് കാരണമായി സാങ്കേതിക തടസങ്ങൾ മാത്രമാണ് ഇപ്പോഴും അധികൃതർക്ക് പറയാനുള്ളത്. കാമറയുടെ നിരീക്ഷണത്തിൽ സമഗ്രമായ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാൽ തന്നെ സംവിധാനം പ്രവർത്തിക്കാൻ സാങ്കേതിക പരിജ്ഞാനം ആവശ്യമുണ്ട്. സ്ഥാപിച്ച ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ജർമൻ പരിശീലനം ആവശ്യമാണെന്നാണ് വാദം.
'കൊവിഡ് സമയത്ത് ജർമൻ സംഘത്തിന് എത്തി പരിശീലനം നൽകാൻ സാധിച്ചില്ല. സർക്കാരിനോട് കാര്യങ്ങൾ ഉടനടി നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തുള്ളതിന് പുറമെ, ഈ സാങ്കേതിക വിദ്യ ഇല്ലാത്ത ജില്ലക്കാരോട് ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നിലവിലുള്ള ഗ്രൗണ്ട് മോട്ടോർ വാഹന വകുപ്പിന് സർക്കാർ ഹാൻഡോവർ ചെയ്‌തിട്ടില്ല. ഇതൊരു സാങ്കേതിക പ്രശ്‌നമാണ്,' ആർ ടി ഒ എ കെ രാധാകൃഷ്ണൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.
വിദഗ്ധ സംഘം രണ്ട് തവണ വന്നുപോയി. എന്നിട്ടും കൃത്യമായി പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പൂർണമായി പ്രവർത്തന സജ്ജമാക്കി സ്റ്റേഷന്‍ കൈമാറിയിട്ടില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിശദീകരണം. കെ ഐ ടി സി ഒ (കിറ്റ്കോ) ആണ് നിര്‍മാണപ്രവൃത്തികള്‍ നടത്തിയത്. കോവിഡില്‍ അന്താരാഷ്ട്രയാത്രകള്‍ നിലച്ചതോടെ പരിശീലനം നല്‍കാന്‍ ജര്‍മനിയില്‍നിന്നുള്ള വിദഗ്ധര്‍ക്ക് കേരളത്തിലേക്ക് എത്താന്‍ കഴിയാഞ്ഞതാണ് ടെസ്റ്റ് സ്റ്റേഷന്‍ തുറക്കാന്‍ ആദ്യം കാരണമായി അധികൃതർ പറഞ്ഞത്.പിന്നീട് പല വാദങ്ങൾ ഉയർത്തി.
ഉപകരണങ്ങള്‍ നിര്‍മിച്ച ജര്‍മന്‍ കമ്പനിക്ക് ഏജന്‍സിക്കും മോട്ടോര്‍ വാഹനവകുപ്പിനും പരിശീലനം നേരിട്ടുനല്‍കാനായിരുന്നു താല്പര്യം.അതും വേണ്ട രീതിയിൽ നടന്നില്ല. ഒന്നരയേക്കറിലാണ് ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനും കംപ്യൂട്ടര്‍വത്കൃത വാഹനപരിശോധനയും കെട്ടിടങ്ങളും നിർമിച്ചത്. അന്നത്തെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്. അത്യാധുനിക ജര്‍മന്‍ സാങ്കേതികവിദ്യയിലാണ് സ്റ്റേഷന്‍ നിര്‍മിച്ചതെങ്കിലും അവിടെയെത്താന്‍ നല്ലൊരു റോഡും ഇല്ല.
ബേള കുമാരമംഗലം ക്ഷേത്രത്തിന് പിറകുവശത്താണ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ ടാറിട്ട റോഡുണ്ട്. അവിടെനിന്ന് സ്റ്റേഷനിലേക്കുള്ള 50 മീറ്ററിലേറെ ദൂരം കുഴികള്‍ നിറഞ്ഞ മണ്‍പാതയാണ്. കാസർകോട് ഉൾപ്പടെ സംസ്ഥാനത്ത് ഒമ്പത് കേന്ദ്രങ്ങളിലാണ് കംപ്യൂട്ടറൈസ്ഡ് ടെസ്റ്റിങ് സെന്‍റർ ആരംഭിച്ചത്. ഇതിൽ ആറിടങ്ങളിൽ മാത്രമാണ് നിലവിൽ പ്രവർത്തനമുള്ളത്. മറ്റ് കേന്ദ്രങ്ങളിലും കാസർകോടിനു സമാനമാണ് സാഹചര്യമാണ്.വേഗത്തിൽ പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ യന്ത്ര സംവിധാനങ്ങളും കാല പഴക്കത്തിൽ നശിക്കും.