കാസർകോട്: നിർമാണം അന്തിമ ഘട്ടത്തിൽ എത്തിയ ടാറ്റ കൊവിഡ് ആശുപത്രിയിലെ മൂന്ന് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒറീസ സ്വദേശികളാണ് മൂന്നു പേരും. ഞായാറാഴ്ച തെലങ്കാന സ്വദേശിയായ കൺസ്ട്രക്ഷൻ മാനേജർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനക്കാർ ഉൾപ്പടെ 60 പേരാണ് സ്ഥലത്ത് ജോലി ചെയ്യുന്നത്. ഇതിൽ 15 പേർ ടാറ്റയുടെ തൊഴിലാളികളും മറ്റുള്ളവർ പ്രാദേശിക തലത്തിൽ നിന്നും കണ്ടെത്തിയവരുമാണ്.
ശരീര വേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ എത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് കൺസ്ട്രക്ഷൻ മാനേജർക്ക് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയുടെ നിർമാണ സാമഗ്രികൾ ഗുജറാത്ത്, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ലോറികളിലാണ് കൊണ്ടുവരുന്നത്. ഇവിടെയുള്ള കൂടുതൽ പേരിൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.