കാസര്‍കോട്: ആകാശവിസ്‌മയത്തിന് സാക്ഷിയായി ലോകം. വലയ സൂര്യഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാകുന്ന കാസർകോട് ചെറുവത്തൂര്‍ കാടങ്കോടത്ത് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് ചെറുവത്തൂര്‍. രാവിലെ 8.15 ഓടെ തന്നെ വലയ സൂര്യഗ്രഹണം കാണാൻ കഴിഞ്ഞു.
രാവിലെ 8.04ന് ആരംഭിച്ച ഗ്രഹണം 9.25ന് പൂര്‍ണതയിലെത്തി. മൂന്ന് മിനിട്ട് 12 സെക്കന്‍റ് വരെ തുടരുന്ന പൂര്‍ണ വലയഗ്രഹണം 11.04ന് അവസാനിക്കും. മംഗലാപുരം മുതല്‍ ബേപ്പൂര്‍ വരെയുള്ള മേഖലകളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമായി. കണ്ണൂര്‍, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട് എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ ദൃശ്യമാകുന്ന ഗ്രഹണം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലൂടെയും കോട്ടൈപ്പട്ടണത്തിലൂടെയും കടന്ന് ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ദൃശ്യമാകും.
ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ആരംഭിച്ച ഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമായത് ചെറുവത്തൂരിലാണ്. ഭൗമശാസ്ത്രപരമായ പ്രത്യേകതകളാല്‍ വളരെ വ്യക്തമായി ഗ്രഹണം ഇവിടെ നിന്നും കാണാന്‍ സാധിക്കുമെന്നും വലയ ഗ്രഹണ നിരീക്ഷണത്തിന് സാങ്കേതിക സൗകര്യമൊരുക്കാന്‍ തയ്യാറായിട്ടുള്ള സ്പേസ് ഇന്ത്യയുടെ സിഎംഡി സച്ചിന്‍ ബാംബ പറഞ്ഞിരുന്നു.