കാസർകോട്: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അബൂബക്കർ സിദ്ദിഖിന്‍റെ മരണ കാരണം തലച്ചോറിനേറ്റ ക്ഷതമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അരയ്ക്ക് താഴെയും, കാൽ വെള്ളയിലും നിരവധി തവണ മർദിച്ച പാടുകളുണ്ട്.
പേശികൾ അടിയേറ്റ് ചതഞ്ഞ നിലയിലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. അതിനിടെ അബൂബക്കർ സിദ്ദിഖിനെ പ്രതികൾ ക്രൂരമായി മർദിച്ചെന്ന് സഹോദരൻ അൻവറും പ്രതികരിച്ചു. തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മർദനമെന്നും അബൂബക്കർ സിദ്ദിഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും അൻവർ പറഞ്ഞു.
സിദ്ദിഖ് നേരിട്ടത് അതിക്രൂര മർദനമാണ്. പ്രശ്‌നം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. വിദേശത്ത് കൊടുത്തുവിട്ട പണം സിദ്ദിഖ് കൈക്കലാക്കിയെന്ന് പറഞ്ഞായിരുന്നു മർദനം.
കൊലപാതക സംഘത്തിൽ എട്ട് പേരാണ് ഉണ്ടായിരുന്നതെന്നും അൻവർ പറഞ്ഞു. അൻവറിനെയും, മറ്റൊരു സുഹൃത്തിനെയും ബന്ദിയാക്കിയ ശേഷമാണ് സിദ്ദിഖിനെ വിദേശത്ത് നിന്ന് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. അതേസമയം, പൊലീസ് കസ്റ്റഡിയിൽ ഉള്ള അഞ്ചുപേരിൽ രണ്ടുപേരുടെ അറസ്റ്റ് ഇന്ന് (29.06.2022) രേഖപ്പെടുത്തിയേക്കും.
Also read: പ്രവാസി യുവാവിന്‍റെ കൊലപാതകം ; മുഖ്യപ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍