തിരുവനന്തപുരം: വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് സംഘർഷം. കാസർകോട്, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലാണ് സംഘർഷം ഉണ്ടായത്. കാസർകോട് തെക്കിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിന് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകൻ ജലീലിനാണ് കുത്തേറ്റത്. കാസർകോട് പടന്നക്കാടിൽ യു ഡി എഫ് പ്രവർത്തകരും എൽ ഡി എഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് യു ഡി എഫ് പ്രവർത്തകരെ പരിക്ക്.
കണ്ണൂർ കുറ്റ്യാട്ടൂർ 173 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ടായി. ഇതിനെതുടർന്ന് സി പി എം പ്രവർത്തകരും യു ഡി എഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വോട്ടിംഗ് മെഷീന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് കുറച്ച് സമയത്തേക്ക് വോട്ടിങ് നിർത്തിവെച്ചു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ അമ്പലപ്പുഴയില്‍ രണ്ട് മുതിര്‍ന്ന സ്ത്രീകളെ വോട്ട് ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തില്‍ പോളിംഗ് 20 മിനിറ്റോളം നിർത്തിവച്ചു. കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയതെന്നാണ് ആരോപണം.