കാസർകോട് : റോഡ് പണിക്ക് ടാർ ഉപയോഗിച്ചതിൽ കൃത്രിമം കാട്ടിയ കരാറുകാരന് എട്ട് വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം മൂവാറ്റുപുഴ എൻജിഒ ക്വാർട്ടേഴ്‌സിനു സമീപം പൊട്ടായി കണ്ടത്തിൽ പി.ബി.കബീർ ഖാനെയാണ് (59) കാസർകോട് ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കെ.ജി.ഉണ്ണിക്കൃഷ്‌ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി തടവ് അനുഭവിക്കണം.
ഇതേ കേസിലെ ഒന്നാം പ്രതി ചെങ്കള ചാമ്പലം റോഡ് റിയാബ് മൻസിൽ മുഹമ്മദ് റഫീഖ് (42) വിചാരണവേളയിൽ ഹാജരാകാത്തതിനാൽ പ്രത്യേക കേസായി മാറ്റി വച്ച് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. കരാറുകാർക്കെതിരെ വന്ന ഏറ്റവും കൂടിയ ശിക്ഷ ലഭിച്ച സുപ്രധാന വിധിയാണ് ഇത്. 2003 സെപ്‌റ്റംബറിനും 2008 ഡിസംബറിനും മധ്യേയുള്ള കാലയളവിൽ ചെങ്കള – ചേരൂർ റോഡ് അറ്റകുറ്റപ്പണിക്കായി ടാർ ഉപയോഗിച്ചതിൽ കൃത്രിമം കാട്ടി എന്നാണ് കേസ്.
പ്രതികൾ ടാർ വാങ്ങി ഉപയോഗിച്ചെന്നു കാട്ടി കൊച്ചി ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നു വിതരണം ചെയ്‌തതായി ഉള്ള രണ്ട് വ്യാജ ബില്ലുകൾ നിർമിച്ച് ഹാജരാക്കി 362111 രൂപ അധികം കൈപ്പറ്റി എന്ന പരാതിയിൽ ക്രൈംബ്രാഞ്ച് എടുത്ത കേസിലാണു ശിക്ഷ. ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പേരിൽ വ്യാജ ബില്ലാണ് ജില്ല പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.ജെ.സോജൻ രജിസ്റ്റർ ചെയ്‌ത കേസിൽ ഡിവൈഎസ്‌പി കെ.എൽ.രാധാകൃഷ്‌ണനാണ് കുറ്റപത്രം സമർപ്പിച്ചത്. ഡിവൈഎസ്‌പി ടി.പി.പ്രേമരാജൻ ആണ് അന്വേഷണം നടത്തിയത്.