കാസർകോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പൂരക്കളിയും. ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായാണ് ആനുകാലിക സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച പാട്ടുകളും ചുവടുകളുമായി കലാകാരന്‍മാര്‍ രംഗത്തെത്തിയത്. അനുഷ്ഠാന കലയെന്ന നിലയില്‍ വലിയൊരു വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാമെന്ന നിലയിലാണ് രാഷ്ട്രീയ പൂരക്കളി ചിട്ടപ്പെടുത്തിയത്.
പതിനെട്ടു നിറങ്ങളിലുള്ള പൂരക്കളിയുടെ മൂന്ന്, നാല്, അഞ്ച് നിറങ്ങളിലാണ് സര്‍ക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പാട്ടുകളുടെ രൂപത്തിലാക്കി കളിച്ചത്. സിഎഎ, കര്‍ഷക ബില്‍, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്, കോലീബി സഖ്യം തുടങ്ങിയവയെയും പൂരക്കളി പാട്ടിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. വെള്ളിക്കോത്ത് അടോട്ട് പൂരക്കളി സംഘമാണ് രാഷ്ട്രീയ പൂരക്കളി ഒരുക്കിയത്. സ്വര്‍ണക്കടത്ത് കേസിന്‍റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുകയാണെന്നും പൂരക്കളിയിലൂടെ വിമര്‍ശിക്കുന്നുണ്ട്. പ്രശാന്ത് അടോട്ടിന്‍റെ നേതൃത്വത്തിലാണ് കലാകരന്‍മാര്‍ രാഷ്ട്രീയ പൂരക്കളി അരങ്ങിലെത്തിച്ചത്.