കാസർകോട്: ഉപ്പള ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വൺ വിദ്യാർഥിയുടെ മുടി സീനിയര്‍ വിദ്യാര്‍ഥികള്‍ വെട്ടി. പത്തോളം വരുന്ന സീനിയർ വിദ്യാർഥികള്‍ ചേര്‍ന്നാണ് റാഗ് ചെയ്തതെന്നാണ് ഇരയുടെ പ്രതികരണം. ചോദ്യം ചെയ്യുകയും മുടി ബലമായി മുറിച്ചുമാറ്റുകയുമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയിൽ വെച്ചാണ് റാഗിങ് നടന്നത്. തിങ്കളാഴ്ച മുടി മുറിച്ചു വരണമെന്ന് പ്ലസ്ടു വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുടി വളർത്തുന്നതാനെന്ന് പ്ലസ് വൺ വിദ്യാർഥി അറിയിച്ചു. ഇതോടെ ചൊവ്വാഴ്ച ബലമായി കസേരയിൽ ഇരുത്തി കത്രിക കൊണ്ടു മുടി മുറിച്ചു മാറ്റി.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാർ സംഭവമറിയുന്നത്. തനിക്ക് ഇനി സ്കൂളിലേക്ക് പോകാൻ പേടിയാണെന്നും മുടി മുറിച്ചത് മാനസികമായി തളർത്തിയെന്നും റാഗിങിന് ഇരയായ കുട്ടി ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം സംഭവം മാധ്യമശ്രദ്ധ നേടിയതോടെ ദൃശ്യങ്ങളിലുള്ള പ്ലസ് ടു വിദ്യാർഥികളെ താത്കാലികമായി മാറ്റിയെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. നാളെ രാവിലെ പത്തുമണിക്ക് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും അടിയന്തര യോഗം നടക്കും. സംഭവം അറിഞ്ഞ പൊലീസ് സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.