കാസര്‍കോട്: ഓട്ടോറിക്ഷകളിൽ ഡ്രൈവറെയും യാത്രക്കാരെയും വേർതിരിക്കാൻ പ്ലാസ്റ്റിക് സെപ്പറേറ്റർ സ്ഥാപിച്ച് മോട്ടോർ വാഹന വകുപ്പ്. കൊവിഡ് പശ്ചാത്തലത്തിലാണ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഓട്ടോറിക്ഷകളില്‍ കാബിൻ ക്രമീകരണം വരുത്തുന്നത്. ലോക്ക്ഡൗൺ ഇളവുകളിൽ ഓട്ടോകളടക്കം നിരത്തിലിറങ്ങിയതോടെ ആശങ്കയില്ലാതെ യാത്ര ചെയ്യുന്നതിനാണ് നടപടി. ഡ്രൈവറും യാത്രക്കാരും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനാണ് പ്ലാസ്റ്റിക് സെപറേറ്റർകൊണ്ട് ലക്ഷ്യമിടുന്നത്.
വൈറസ് വ്യാപത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തരം ക്രമീകരണങ്ങൾ വരുത്തുന്നത് സുരക്ഷിത യാത്രക്ക് ഉപകരിക്കും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്താദ്യമായാണ് മോട്ടോർ വാഹന വകുപ്പ് ഇങ്ങനെയൊരു ആശയം പ്രാവർത്തികമാക്കുന്നത്. ജില്ലയിലെ എല്ലാ ഓട്ടോകളിലും അതത് പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളുമായി ചേർന്ന് സൗജന്യമായാണ് ഇവ സ്ഥാപിക്കുന്നത്.