കാസർകോട്: സേവനത്തിനൊപ്പം ഗൈനക്കോളജിസ്‌റ്റുകൾക്ക് സന്തോഷം നൽകുന്നത് അവർ കൈകാര്യം ചെയ്യുന്ന മേഖലയാണ്. ആതുര ശുശ്രൂഷ രംഗം കച്ചവടമാകുമ്പോൾ അതിൽ നിന്നെല്ലൊം വ്യത്യസ്‌തനായി തന്‍റെ ജോലിയിൽ വ്യാപൃതനായി നാടിന്‍റെ ജനകീയ ഡോക്‌ടറെന്ന് വിശേഷണം നേടിയ ഗൈനക്കോളജിസ്‌റ്റാണ് കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം ഡോ. കുഞ്ഞാമദ്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ ഡോ. കുഞ്ഞാമദിന്‍റെ കൈകളിലുടെ ഈ ഭൂമിയെ തൊട്ടത് 93000 ലധികം കുഞ്ഞുങ്ങളാണ് .
പുരുഷ ഗൈനക്കോളജിസ്‌റ്റുകൾ താരതമ്യേന കുറവായ ഈ കാലത്ത് 38 വർഷം മുൻപാണ് ഡോ. കുഞ്ഞാമദ് ആതുര ശുശ്രൂഷാ രംഗത്തെത്തുന്നത്. ഒരു ഡോക്‌ടറിൽ ജനങ്ങൾ എത്രമാത്രം വിശ്വാസമർപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇക്കാലയളവിൽ ഇദ്ദേഹം കൈകാര്യം ചെയ്ത പ്രസവ കേസുകളുടെ എണ്ണം. തന്‍റെ അരികിൽ എത്തുന്ന രോഗികളോടുള്ള സമീപനമാണ് ജനകീയ ഡോക്‌ടർ എന്ന സ്നേഹ വിളിയിൽ ഡോ.കുഞ്ഞാമദിനെ കാഞ്ഞങ്ങാട്ടുകാർ ചേർത്തുപിടിക്കുന്നത്.
ഏത് സമയത്തും ആശുപത്രിയിലെത്തുന്ന രോഗികളുടെ ഒരു വിളിപ്പുറത്ത് ഡോക്‌ടറുണ്ട്. തന്നെ കാണാനെത്തുന്ന ഒരാൾ പോലും നിരാശരായി മടങ്ങരുതെന്ന നിർബന്ധം ഈ ഡോക്‌ടർക്കുണ്ട്. രോഗികളുടെ താത്പര്യത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഡോ. കുഞ്ഞാമദ് പലർക്കും കുടുംബത്തിലെ അംഗത്തെ പോലെയാണ്.
ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നുപോകുമ്പോൾ, ഈ ജനകീയ ഡോക്‌ടർ ഇന്നും ഊർജസ്വലതയോടെ അതുരസേവന രംഗത്ത് സജീവമാണ്. പ്രസവ ചികിത്സയിൽ ഇന്ന് ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഡോ. കുഞ്ഞാമദ് പറയുന്നു. പരമാവധി സിസേറിയൻ ഒഴിവാക്കാനാണ് ശ്രമിക്കാറ്. ചില ഘട്ടങ്ങളിൽ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം കണക്കിലെടുത്ത് സിസേറിയൻ ആവശ്യമായിവരും. സ്ത്രീകളുടെ ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിന് പ്രതിവിധികൾ നിർദേശിച്ചും സർജിക്കൽ ഇന്‍റർവെൻഷന് പകരം കൺസർവേറ്റിവ് മാനേജ്‌മെന്‍റിന് മുൻതൂക്കം നൽകുന്നതാണ് ഡോക്‌ടറുടെ ചികിത്സ രീതി.