കാസര്‍കോട്: ജില്ലയില്‍ ഉള്ളി വില കുത്തനെ ഉയരുന്നു. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 19 രൂപയുണ്ടായിരുന്ന ഉള്ളിവില 40 രൂപയിലെത്തി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും പെയ്ത കനത്ത മഴ മൂലമാണ് വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നത്. കനത്ത മഴക്കൊപ്പം കാർഷിക മേഖലയിലുണ്ടായ നാശവും വിപണിയിയെ പ്രതികൂലമായി ബാധിച്ചു. പച്ചക്കറികൾക്ക് മൊത്തത്തിൽ വിലവർധനവുണ്ടായപ്പോൾ ഉള്ളിവില നാൾക്കുനാൾ കുതിക്കുകയാണ്.
മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നാണ് ഉള്ളി പ്രധാനമായും കാസർകോട് ജില്ലയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ എത്തുന്നത്. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഉള്ളി ലഭിക്കാത്ത സാഹചര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഡിസംബര്‍ മാസം കഴിഞ്ഞാല്‍ മാത്രമേ ഉള്ളി വില കുറയാന്‍ സാധ്യതയുള്ളുവെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ഉള്ളിക്ക് കിലോക്ക് 40 രൂപ ഈടാക്കുമ്പോള്‍ ഉള്ളി ലോഡ് കണക്കിന് വരുന്ന മംഗലാപുരത്തെ മാര്‍ക്കറ്റില്‍ 34 രൂപയാണ് വില. വലിയ ഉള്ളിയുടെ വില നാല്‍പ്പതിലേക്ക് കുതിച്ചപ്പോള്‍ ചെറിയ ഉള്ളി കിലോക്ക് 70 രൂപയായി. തമിഴ്‌നാട്ടില്‍ നിന്നാണ് ചെറിയ ഉള്ളി ഇറക്കുമതി ചെയ്യുന്നത്.