കാസർകോട് : നേത്രാവതി എക്‌സ്‌പ്രസിനു നേരെ കല്ലേറ്. കുമ്പള റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ചാണ് ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായത് (Netravati Express Attacked In Kumbla). വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 1) രാത്രി 8.30നായിരുന്നു സംഭവം. കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്.
ട്രെയിനിലെ എസ് 2 കോച്ചിനു നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ വാതിലിന്‍റെ ഗ്ലാസ് തകർന്നു. യാത്രക്കാർക്ക് പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരും കുമ്പള പൊലീസും സ്ഥലത്തെത്തിയിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ കല്ലേറ് ഉണ്ടാകുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിന് ഇടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. ട്രെയിനുകളില്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സിസിടിവി ക്യാമറയും ഒരുക്കിവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ട്രെയിനുകൾ ആക്രമിക്കപ്പെട്ടിരുന്നു. രാജധാനി, വന്ദേഭാരത് ട്രെയിനുകൾക്ക് നേരെയും കല്ലേറ് ഉണ്ടായി (Train attacks Kerala).
കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റും കണ്ടെത്തിയിരുന്നു. നേരത്തെ മാഹിക്കും തലശ്ശേരിക്കും ഇടയിൽ വന്ദേഭാരത് ആക്രമിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 13ന് ചെന്നൈ സൂപ്പർഫാസ്റ്റിന് നേരെയും നേത്രാവതി എക്‌സ്‌പ്രസിന് നേരെയും ഓഖ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി. പിന്നാലെ ഓഗസ്റ്റ് 14ന് കണ്ണപുരത്തിനും പാപ്പിനിശേരിക്കും ഇടയിൽ തുരന്തോ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായിയിരുന്നു. ഓഗസ്റ്റ് 15 ന് കോഴിക്കോടിനും കല്ലായിക്കും ഇടയിൽ യെശ്വന്തപുര എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി.
ട്രെയിനിന് നേരയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍ വിമര്‍ശനങ്ങളുമായി ജനങ്ങള്‍ രംഗത്തു വന്നിരുന്നു. സുരക്ഷ വീഴ്‌ചയാണ് പ്രധാനമായും ആരോപിക്കപ്പെട്ടത്. സംസ്ഥാനത്തെ ട്രെയിനുകളിലെ സുരക്ഷ പ്രഖ്യാപനങ്ങള്‍ വെറും വാചക കസര്‍ത്ത് മാത്രം ആയി ഒതുങ്ങുന്നു എന്നതാണ് ആരോപണം. അടുത്ത കാലത്തായി നിരവധി ആക്രമണങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 20 മാസങ്ങൾക്കിടെ പാലക്കാട് ഡിവിഷനിൽ മാത്രം 60 ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലെറിഞ്ഞത്. ഈ വര്‍ഷത്തെ മാത്രം കണക്ക് പരിശോധിച്ചാല്‍ 28 ട്രെയിനുകള്‍ ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായതായി കാണാന്‍ സാധിക്കും. 2022 ല്‍ മാത്രം ആക്രമണത്തിന് വിധേയമായത് 32 ട്രെയിനുകളാണ്. കൂടുതലും ആക്രമണത്തിന് ഇരയായതാകട്ടെ വന്ദേഭാരത് എക്‌സ്‌പ്രസും.
2015ല്‍ 15 ഇടങ്ങളില്‍ ട്രെയിന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ 2016ല്‍ 17 ആക്രമങ്ങള്‍ നടന്നതായാണ് ലഭ്യമായ വിവരം. തിരൂർ, കണ്ണൂർ, വളപട്ടണം, ചോറ്റാനിക്കര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ട്രെയിനുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളില്‍ പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം യാത്രക്കാരുടെ തല തകർന്ന മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്.
Also Read : Stone pelting on trains| തുടർക്കഥയായി ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്, സുരക്ഷ വീഴ്‌ചയിൽ വിമർശനം