കാസർകോട്: ബിജെപി - യുവമോർച്ച നേതാവ് പ്രവീണിന്‍റെ കൊലപാതകത്തെ തുടർന്ന് ദക്ഷിണ കന്നഡ മേഖലയിൽ പ്രതിഷേധവും വ്യാപക സംഘർഷവും. വിലാപ യാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. പുത്തൂരും, ബെല്ലാരെയിലുമാണ് സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശിയത്.
സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി മന്ത്രിമാരായ വി. സുനിൽ കുമാർ, എസ് അങ്കാര എന്നിവരെ പ്രവർത്തകർ തടഞ്ഞു. സുള്ള്യയിലും, കടബയിലും പ്രതിഷേധ പ്രകടനത്തിനിടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡയിലെ മൂന്ന് താലൂക്കുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
READ MORE: മംഗളൂരുവില്‍ യുവമോർച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി
അതേസമയം കൊലപാതകത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപ പ്രദേശത്ത് അടുത്തിടെ നടന്ന കാസർകോട് സ്വദേശിയായ യുവാവിന്‍റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. പുത്തൂരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
അതേസമയം കൊല്ലപ്പെട്ട പ്രവീണിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് ബിജെപി യുവനേതാവും കോഴിക്കട ഉടമയുമായ പ്രവീണിനെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ചേർന്ന് മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.