കാസർകോട്: കൊവിഡ് ബാധിതരുടെ എണ്ണം കാസർകോട് ഇരട്ടിയായി വർധിച്ചതോടെ ജില്ലയില്‍ അടിയന്തര നടപടികളുമായി സര്‍ക്കാര്‍. കൂടുതൽ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തി തുടങ്ങി. വെള്ളിയാഴ്‌ച സംസ്ഥാനത്ത് സ്ഥീരികരിച്ച 39 പോസിറ്റീവ് കേസുകളിൽ 34 കൊവിഡ് ബാധിതരും കാസർകോട് സ്വദേശികളാണ്. ഇതോടെ അടിയന്തര സാഹചര്യം പരിഗണിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയും മെഡിക്കൽ കോളജും കൊവിഡ് ആശുപത്രികളാക്കും.
വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏറ്റെടുത്ത കാസർകോട് നുളളിപാടി കെയർവെൽ ആശുപത്രിയിൽ ചികിത്സക്കുള്ള സംവിധാനം ഒരുക്കി. ഇവിടെ ജോലി ചെയ്യുന്ന ഡോക്‌ടർമാർ ഉൾപ്പടെ മുഴുവൻ ജീവനക്കാർക്കും ഹാജരാകാൻ നിർദേശം നൽകി. ദുരന്ത നിവാരണ നിയമം സെക്ഷൻ 34 (ജെ), 34(എം) എന്നിവ പ്രകാരമാണ് നടപടികൾ. ഇതോടൊപ്പം കാസർകോട് കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റലുകൾ അടക്കം മുഴുവൻ സൗകര്യങ്ങളും ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുത്തു. ഇവിടെ കൊവിഡ് ചികിത്സക്കുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.
കേന്ദ്ര സർവകലാശാലയിൽ അഞ്ച് ഹോസ്റ്റൽ കെട്ടിടങ്ങളിലായി 250 ലേറെ മുറികൾ ചികിത്സക്കായി ഉപയോഗിക്കാൻ സാധിക്കും. സർവകലാശാലയിൽ ബയോ കെമിസ്ട്രി ആൻഡ് മോളിക്കുലർ ബയോളജി വിഭാഗങ്ങളുടെ കീഴിൽ സജ്ജമാക്കിയിരിക്കുന്ന വൈറോളജി ലാബിൽ കൊവിഡ് പരിശോധനകൾ ആരംഭിക്കാനും അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇവിടെ കൊവിഡ് പരിശോധനാ ഫലം അഞ്ചു മണിക്കൂറിനുള്ളിൽ അറിയാൻ കഴിയും. ദിവസം 87 പേരുടെ ടെസ്റ്റുകൾ നടത്താൻ ഈ ലാബിൽ സൗകര്യമുണ്ടായിരിക്കും. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ലാബിൽ കേരള സർക്കാർ ആരോഗ്യ വകുപ്പിൻ്റെ നിർദേശമനുസരിച്ച് പൊതു സമൂഹത്തിന് പരിശോധന നടത്താം.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണമുള്ള ജില്ലയാണ് കാസര്‍കോട്. ആശങ്കപ്പെടുത്തും വിധം ജില്ലയിൽ രോഗ ബാധ പടരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 20ന് ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് കാസർകോടേക്ക് വന്ന മുഴുവനാളുകളും വീട്ടിൽ നിരീക്ഷണത്തിൽ ഒറ്റക്ക് മുറികളിൽ കഴിയേണ്ടതാണെന്നും അവർ മറ്റൊരാളുമായും യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടില്ലെന്നും ജില്ലാ കലക്‌ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.