കാസർകോട്: കുരങ്ങ് ശല്യത്തില്‍ പൊറുതി മുട്ടി ഒരു നാട്. കാസര്‍കോട് മടിക്കൈയിലെ നൂറില്‍പ്പരം കര്‍ഷക കുടുംബങ്ങളാണ് വാനരക്കൂട്ടങ്ങളാല്‍ ദുരിതമനുഭവിക്കുന്നത്. കാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുന്നതോടെ വീട്ടാവശ്യത്തിന് പോലും വ്യാപാര കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍. മടിക്കൈ ഗ്രാമപഞ്ചായത്തിലെ കിഴക്കേ മൂല, പൊന്നക്കുളം, പള്ളത്തുവയല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷക കുടുംബങ്ങളാണ് കുരങ്ങന്മാരുടെ ശല്യം കാരണം ദുരിതമനുഭവിക്കുന്നത്.
കൂട്ടമായെത്തുന്ന കുരങ്ങുകള്‍ കാര്‍ഷികവിളകള്‍ ഉള്‍പ്പെടെയുള്ളവ പാടെ നശിപ്പിക്കുന്നു. തേങ്ങയും ഇളനീരുമെല്ലാം കുരങ്ങുകള്‍ കൂട്ടമായെത്തി ഭക്ഷിക്കും. തേങ്ങയിടാന്‍ പാകമാകും മുന്‍പ് അവയില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കും. ഇതോടെ നിസ്സഹായരായി കഴിയുകയാണ് മടിക്കൈയിലെ കര്‍ഷകജനത.
കൂടുതൽ വായനയ്ക്ക്: കൊവിഡ് ആശങ്കയിൽ കാസര്‍കോടെ നേന്ത്രവാഴ കര്‍ഷകര്‍
കാര്‍ഷിക വിളകളെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് വീട്ടാവശ്യത്തിനുള്ള വിളകള്‍ പോലും ലഭിക്കാത്ത അവസ്ഥയാണ്. വാനര സംഘത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമസഭ യോഗങ്ങളില്‍ നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. 10 വര്‍ഷത്തിനിടെയാണ് പ്രദേശത്ത് കുരങ്ങ് ശല്യം വര്‍ധിച്ചത്. എട്ടും പത്തും വരുന്ന വാനര സംഘങ്ങളാണ് പകല്‍ സമയത്തടക്കം വീട്ടുമുറ്റങ്ങളില്‍ എത്തുന്നത്.