കാസർകോട്: അന്യ നാടുകളില്‍ നിന്ന് കേരളത്തിലെത്തി തൊഴില്‍ ചെയ്ത് ജീവിക്കുന്നവരെ, അതിഥി തൊഴിലാളികൾ എന്ന് വിളിച്ചത് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. കൊവിഡ് ഭീതി വ്യാപിക്കുമ്പോൾ തൊഴില്‍ നഷ്ടമായി ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ട് നേരിട്ടവരെ അതിഥികളായി കണ്ട് കേരളം സംരക്ഷിച്ചു. ഈ കൊറോണക്കാലത്ത് കേരളം നല്‍കിയ കരുതലിനും ജാഗ്രതയ്ക്കും അതിഥി തൊഴിലാളികൾ ഹൃദയം കൊണ്ട് നന്ദി പറയുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നല്‍കിയാണ് രാജസ്ഥാൻ സ്വദേശിയായ വിനോദ് ജാംഗിദ് കേരളത്തിന്‍റെ കരുതലിന് നന്ദി പറഞ്ഞത്. പത്ത് വർഷമായി കാസർകോട് മടിക്കൈ പഞ്ചായത്തിലെ ബങ്കളം കുട്ടപ്പനയില്‍ ഭാര്യ ജ്യോതിക്കും മകൾക്കുമൊപ്പം വാടക ക്വാർട്ടേഴ്സില്‍ കഴിയുന്ന രാജസ്ഥാൻ സ്വദേശി വിനോദ് ജാംഗിദ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിയാണ് തന്നാല്‍ കഴിയുന്ന സഹായം നല്‍കിയത്. സ്‌റ്റേഷൻ സി.ഐ എം.എ മാത്യൂ ഉടൻ തന്നെ ഡിജിറ്റൽ രസീത് കൈമാറി.