കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി ഇടപാടിലെ പൊലീസ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി.ഖമറുദ്ദീൻ എം.എൽ.എ. തന്‍റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് കേസ്. തട്ടിപ്പ് ഉണ്ടെന്ന് പറയുന്നവർ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കൊടുത്ത് തീർക്കാനുള്ളവരുടെ പണം ഉടൻ കൊടുത്തു തീർക്കുമെന്നും എം.എൽ.എ പറഞ്ഞു.
ബിസിനസിലുണ്ടായ സാമ്പത്തിക നഷ്ടമാണ് പണം നൽകുന്നതിൽ വീഴ്ച വരാൻ കാരണം. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും നിയമപരമായി നേരിടുമെന്നും എം.എൽ.എ പ്രതികരിച്ചു. ജ്വല്ലറിയുടെ പേരിൽ നിക്ഷേപകരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് ചന്തേര പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം എം.സി. ഖമറുദ്ദീനെതിരെ കേസെടുത്തത്. ജ്വല്ലറിക്കായി വാങ്ങിയ 36 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മൂന്ന് പേർ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ജ്വല്ലറിയുടെ മുഴുവൻ ശാഖകളും പൂട്ടിയതോടെയുണ്ടായ സാമ്പത്തിക നഷ്ടമാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരാൻ ഇടയായതെന്നും നഷ്ടം നികത്താനാവശ്യമായ ശ്രമങ്ങൾ നടത്തി വരികയായിരുന്നുവെന്നും എം.എൽ.എ പ്രതികരിച്ചു.