ബാഗൽകോട്ട്: ക്ഷേത്ര ഉദ്ഘാടനത്തിനിടെ വഖഫ് വിഷയം ഉന്നയിക്കാൻ ശ്രമിച്ച കര്‍ണാടകയിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീലിനെതിരെ തിരിഞ്ഞ് നാട്ടുകാര്‍. ക്ഷേത്ര പരിപാടിയില്‍ രാഷ്‌ട്രീയം കളിക്കരുതെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ എംഎല്‍എ വേദി വിട്ടു. വിജയപുര നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ ബാഗൽകോട്ട് ജില്ലയിലെ തെർദാലിലെ അല്ലമ പ്രഭു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
വഖഫ് വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ എംഎല്‍എ പ്രസംഗിച്ചതാണ് ക്ഷേത്ര പരിപാടിക്കെത്തിയവരെ ചൊടിപ്പിച്ചത്. വഖഫ് വിഷയം ഉന്നയിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെയാണ് ബിജെപി എംഎല്‍എ വേദി വിട്ടത്. വഖഫിനെതിരെ എംഎല്‍എ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. 'ഹിന്ദു ക്ഷേത്രങ്ങൾ വഖഫ് സ്വത്തായി മാറുകയാണ്. വഖഫ് നിയമം ബ്രിട്ടീഷുകാരേക്കാൾ അപകടകരമാണ്. ഈ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഈ രാജ്യത്ത് ഒരു മിനി പാകിസ്ഥാൻ ഒരുങ്ങുന്നതായി തോന്നുന്നു' എന്നാണ് ബസനഗൗഡ ആരോപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതോടെ, മതപരമായ പരിപാടിയില്‍ രാഷ്‌ട്രീയം കളിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ എംഎല്‍എക്കെതിരെ രംഗത്തെത്തി. എന്തിനെ കുറിച്ചാണ് നിങ്ങൾ പറയുന്നതെന്ന് ചോദിച്ച നാട്ടുകാര്‍ ക്ഷേത്രനിർമാണത്തിനായി എല്ലാ സമുദായങ്ങളും സംഭാവന നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
മുസ്‌ലിങ്ങൾ ആറ് ലക്ഷം രൂപ സംഭാവന ചെയ്‌തിട്ടുണ്ടെന്നും രാഷ്ട്രീയം പറയാനുള്ള സ്ഥലമല്ല ഇതെന്നും നാട്ടുകാര്‍ എംഎല്‍എയോട് പറഞ്ഞു. താൻ രാഷ്‌ട്രീയമല്ല പറയുന്നതെന്ന് എംഎൽഎ ബസനഗൗഡ വ്യക്തമാക്കിയെങ്കിലും, നാട്ടുകാര്‍ രോഷാകുലരായതോടെ എംഎല്‍എ നിര്‍ബന്ധിതനായി വേദി വിടുകയായിരുന്നു.