തിരുവനന്തപുരം: ശബരിമലയിലെ തിരക്കറിയാന്‍ വാട്‌സ് ആപ്പ് ചാറ്റ് ബോട്ട് സംവിധാനം വരുന്നു. മണ്ഡല പൂജകള്‍ക്കായി നവംബര്‍ 16 ന് നട തുറക്കുന്നതിന് മുന്‍പ് തന്നെ വാട്‌സ് ആപ്പ് ചാറ്റ് ബോട്ട് നിലവില്‍ വരുമെന്ന് പത്തനംതിട്ട ജില്ല ഡെപ്യുട്ടി കലക്‌ടര്‍ രാജലക്ഷ്‌മി ഇടിവി ഭാരതിനോട് പറഞ്ഞു. ദിവസേനയുള്ള ബുക്കിങ്, ബുക്ക് ചെയ്‌തിട്ടും എത്താത്തവരുടെ കണക്കുകള്‍, സന്നിധാനത്തില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ക്രോഡീകരിച്ചു അപ്പപ്പോള്‍ ചോദിച്ച് മനസിലാക്കാവുന്ന തരത്തിലാകും പുതിയ ചാറ്റ് ബോട്ട് നിലവില്‍ വരിക.
വെര്‍ച്ച്വല്‍ ക്യൂ ഡാഷ്‌ബോര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ചാകും പുതുതായി തുടങ്ങുന്ന വാട്‌സ് ആപ്പ് നമ്പറിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി ലഭിക്കുക. പത്തനംത്തിട്ട ജില്ല കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് നിലവില്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും രാജലക്ഷ്‌മി പറഞ്ഞു. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന ഭക്തര്‍ക്ക് ഓരോ സമയത്തെ കൃത്യമായ വിവരങ്ങള്‍ വാട്‌സ് ആപ്പില്‍ ലഭിക്കുമെന്നും ഡെപ്യുട്ടി കലക്‌ടര്‍ വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട് ബസ് സമയം, ദര്‍ശന സമയം, താമസം എന്നിങ്ങനെ ഏതു വിവരങ്ങളും ചാറ്റ്‌ബോട്ടിനോട് ചോദിച്ചറിയാനാകും. നവംബര്‍ 14 ന് ജില്ല കലക്‌ടര്‍ വിളിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ചാറ്റ് ബോട്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സ്‌പോട്ട് ബുക്കിങ് സൗകര്യം മൂന്ന് ഇടങ്ങളില്‍: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ചെയ്യാതെ എത്തുന്ന അയ്യപ്പഭക്തര്‍ക്കായി ഇത്തവണ മൂന്ന് ഇടങ്ങളിലാണ് ദേവസ്വം ബോര്‍ഡ് സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ് കൗണ്ടറുകള്‍. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പമ്പയില കൗണ്ടറുകളുടെ എണ്ണം കൂട്ടും.
സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്ക് ഫോട്ടോ പതിച്ച പ്രത്യേക പാസാണ് നല്‍കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രതിദിനം 10,000 പേര്‍ക്കായിരിക്കും സ്‌പോട്ട് ബുക്കിങ്ങ് വഴി ദര്‍ശനം നടത്താനാവുക. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ ബൂക്കിങ്ങ് വഴിയും ദര്‍ശനം നടത്താം. മൊത്തം 80,000 പേർക്ക് ഒരു ദിവസം ദര്‍ശനം ലഭിക്കും. എന്നാല്‍ ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും ദര്‍ശനം നടത്താതെ മടങ്ങേണ്ടിവരില്ല എന്ന ഉറപ്പും അധികൃതർ നല്‍കുന്നുണ്ട്.
ക്യൂആർ കോഡ് വഴി സ്പോട് ബുക്കിങ് ചെയ്‌ത തീർഥാടകന്‍റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസാണ് നല്‍കുക. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നു.
Also Read : ശബരിമല കയറാന്‍ ബുദ്ധിമുട്ടുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഡിഎംഒ