കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെ 14 ദിവസം റിമാൻഡ് ചെയ്തു. വഞ്ചനാകുറ്റം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. റിമാൻഡിലായ എം.സി കമറുദ്ദീനെ കാഞ്ഞങ്ങാട്ടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റി. നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 113 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്. രാവിലെ 7.30ന് ഫോൺ വഴിയുള്ള നിർദേശത്തെതുടർന്നാണ് എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. കാസര്‍കോട് എഎസ്‌പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10.30 മുതല്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിസ്ഥാനത്തുള്ളയാൾ എംഎൽഎ ആയതിനാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചന്ദേര പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ ഐപിസി 420,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പില്‍ കൃത്യമായ തെളിവുകളുണ്ടെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് കമറുദ്ദീന് ഒഴിഞ്ഞുമാറാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെ തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് കൊണ്ട് തളർത്താൻ ആവില്ലെന്നുമായിരുന്നു എം.എൽ.എ യുടെ പ്രതികരണം.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് ശേഷം വീഡിയോ കോൺഫറൻസിലൂടെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. അതേ സമയം അറസ്റ്റ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന് എൻ.എ നെല്ലിക്കുന്ന് എംഎൽഎയും ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യപിച്ച ഘട്ടത്തിലുള്ള അറസ്റ്റ് സംശയത്തിന് ഇട നല്‍കുന്നതായും എംഎൽഎ വ്യക്തമാക്കി.
ഓഗസ്റ്റ് 27നാണ് ഫാഷന്‍ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 115 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതൽ പരാതികൾ ഇനിയും വരുമെന്നാണ് സൂചന. നിലവിൽ 4 കേസുകളിൽ മാത്രമാണ് അറസ്റ്റ് എങ്കിലും വരും ദിവസങ്ങളിൽ മറ്റു പരാതികൾ കൂടി കൂട്ടിച്ചേർക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന.