കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ (Manjeswaram Election Bribery Case) കെ സുരേന്ദ്രൻ അടക്കമുള്ള ആറ് പ്രതികളും ഇന്നും കോടതിയിൽ ഹാജരായില്ല. പ്രതികളോട് കോടതിയിൽ ഹാജരാകണമെന്ന് കർശന നിർദേശം നൽകിയിട്ടും ഇവർ ഹാജരായില്ല. അതേസമയം പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകി (Accused Including K Surendran Filed Release Petition).
കേസെടുത്തതും പ്രതി ചേർത്തതും നിയമനുസൃതമല്ലെന്നാണ് ഹർജിയിലെ വാദം. ഹർജി ഫയലിൽ സ്വീകരിച്ച കാസർകോട് സെഷൻസ് കോടതി ഒക്ടോബർ നാലിന് വിശദമായ വാദം കേൾക്കും. കേസിൽ കെ സുന്ദരയോട് ഹാജരാകാൻ കാസർകോട് സെഷൻസ് കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ (Bahujan Samaj Party candidate K Sundara) തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ (K Surendran and five other BJP leaders In Manjeswaram Election Bribery Case).
കേസിൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. എസ് സി– എസ് ടി അതിക്രമ വിരുദ്ധ നിയമ പ്രകാരം ജാമ്യമില്ല കുറ്റം ഉൾപ്പടെ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കാസർകോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബദിയടുക്ക പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറി.
സുന്ദരയ്ക്ക് ബിജെപി പ്രവർത്തകർ നൽകിയെന്ന് ആരോപിക്കുന്ന പണത്തിൽ ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഭിച്ച പണം ചെലവായി എന്നായിരുന്നു സുന്ദര ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പത്രിക പിൻവലിക്കാനായി സുന്ദരയ്‌ക്ക് ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയുന്ന രണ്ടര ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
സുഹൃത്തിന്‍റെ കൈവശം ഏൽപ്പിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചത്. തുടർന്ന് ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ബാക്കി വരുന്ന ഒന്നരലക്ഷം രൂപ കടം വീട്ടുന്നതിനും മറ്റുമായി ചെലവാക്കിയെന്നാണ് സുന്ദര അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.