കാസര്‍കോട് : രാജ്യത്തെ നടുക്കിയ മംഗളൂരു വിമാന ദുരന്തം നടന്ന് പതിമൂന്ന് വർഷം പിന്നിടുമ്പോഴും ന്യായമായ നഷ്‌ടപരിഹാരത്തിനായി മരിച്ചവരുടെ കുടുംബങ്ങൾ ഇപ്പോഴും നിയമ പോരാട്ടത്തിലാണ്. 52 മലയാളികളടക്കം 158 പേർക്കാണ് വിമാനം കത്തിയമർന്ന് ജീവൻ നഷ്‌ടമായത്. അപകടത്തിൽ മരിച്ചവർക്ക് 75 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകാൻ കോടതി വിധിച്ചെങ്കിലും അതിനായുള്ള കാത്തിരിപ്പും, നിയമ പോരാട്ടവും ഇപ്പോഴും തുടരുകയാണ്. എയർ ഇന്ത്യയുടെ മാനദണ്ഡത്തിലുള്ള നഷ്‌ടപരിഹാരം മാത്രമാണ് നൽകിയിട്ടുള്ളത്.
നിമയപോരാട്ടം സുപ്രീം കോടതിയില്‍ : പലർക്കും പലരീതിയിലുള്ള നഷ്‌ടപരിഹാരമാണ് ലഭിച്ചിട്ടുള്ളത്. രണ്ടുലക്ഷം മുതൽ 16 ലക്ഷം വരെയാണ് പലർക്കും ലഭ്യമായത്. ന്യായമായ നഷ്‌ടപരിഹാരത്തിനായി സുപ്രീംകോടതി വരെ കേസെത്തി. നിലവില്‍ നിയമപോരാട്ടം നടക്കുന്നത് സുപ്രീം കോടതിയിലാണ്.
അതേസമയം, വിമാനാപകടത്തിന്‍റെ സാങ്കേതിക കാരണങ്ങളെ ചൊല്ലി ഇപ്പോഴും അര്‍ഹമായ നഷ്‌ടപരിഹാരം എയര്‍ ഇന്ത്യ നിഷേധിക്കുന്നുവെന്നാണ് കുടുംബങ്ങളുടെ പരാതി. 2010 മെയ് 22ന് രാവിലെ 6.30നായിരുന്നു എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം തകര്‍ന്നുവീണത്. മംഗലാപുരത്തായിരുന്നു സംഭവം.
മാന്യമായ നഷ്‌ടപരിഹാരം നല്‍കാതെ ഒഴിഞ്ഞുമാറുവാനുള്ള ശ്രമമാണ് വിമാനക്കമ്പനിയുടേത് എന്ന് മംഗളൂരു എയര്‍ക്രാഷ് വിക്‌റ്റിംസ് ഫാമിലി അസോസിയേഷന്‍ ആരോപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും തുച്ഛമായ നഷ്‌ടപരിഹാരമായിരുന്നു ലഭിച്ചത്. കേരള ഹൈക്കോടതിയില്‍ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ മുഴുവന്‍ റിട്ട് ഹര്‍ജികളും തള്ളണമെന്ന ആവശ്യവുമായി വിമാനക്കമ്പനി ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു.
റിട്ട് ഹര്‍ജി സമര്‍പ്പിച്ച് എയര്‍ ഇന്ത്യ: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സ്വകാര്യവത്‌കരിച്ചുവെന്ന കാരണമാണ് ഇതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഇന്ത്യ ഒപ്പുവച്ച മോണ്‍ട്രിയല്‍ കരാര്‍ അനുസരിച്ച് വിമാന അപകടത്തില്‍ മരിച്ച ഓരോ വ്യക്തിയുടെ കുടുംബത്തിനും ശരാശരി 72 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കണം.
എന്നാല്‍, മരിച്ചയാളുടെ ശമ്പള സര്‍ട്ടിഫിക്കറ്റ്, സാമൂഹിക പദവി, കുടുംബ പശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കി നഷ്‌ടപരിഹാരം നിശ്ചയിച്ച എയര്‍ ഇന്ത്യ 20 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. ഇതിനെതിരെ നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കമ്പനിയുടെ സമീപനം അനീതിയും, അവകാശ ലംഘനവുമാണെന്നാണ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വാദം.
കേരളത്തെ നടുക്കിയ കരിപ്പൂര്‍ ദുരന്തം : സമാനമായ രീതിയില്‍ കേരളത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു 2020 ഓഗസ്‌റ്റ് ഏഴിന് രാത്രി എട്ട് മണിയോടുകൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നത്. കൊവിഡ് പിടിമുറുക്കിയ സമയത്തായിരുന്നു കേരളത്തെ നടുക്കിയ ആ ദുരന്തം. 21 പേര്‍ മരിച്ച അപകടത്തില്‍ 165 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ദുബായില്‍ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കനത്ത മഴയില്‍ റണ്‍വേ കാണാതെ രണ്ട് വട്ടം ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നു. വിമാനം പിന്നീട് ലാന്‍ഡ് ചെയ്‌തത് സാധാരണ ഇറങ്ങാന്‍ ഉപയോഗിക്കാത്ത പത്താമത്തെ റണ്‍വേയിലായിരുന്നു. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്ന് 35 മീറ്ററോളം താഴേയ്‌ക്ക് വീണ് മൂന്ന് കഷണങ്ങളായി പിളരുകയായിരുന്നു.