കാസര്‍കോട്: തദ്ദേശ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയ ഇടതുമുന്നണി അംഗങ്ങള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായിട്ടാണ് സത്യപ്രതിജ്ഞക്കെത്തിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു മുതിർന്ന അംഗം ഗീത കൃഷ്‌ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് ഗീത കൃഷ്‌ണന്‍ മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അംഗങ്ങൾ മലയാളത്തിന് പുറമെ കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് സത്യവാചകം ചൊല്ലിയത്. അതേസമയം മഞ്ചേശ്വരം ഡിവിഷനിൽ വിജയിച്ച ലീഗിലെ ഗോൾഡൻ റഹ്മാൻ 20 മിനിറ്റ് വൈകിയാണ് സത്യപ്രതിജ്ഞക്കെത്തിയത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തില്ലെങ്കിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടാകില്ലെന്ന സാങ്കേതികത്വത്തെ തുടർന്നാണ് തെരഞ്ഞെടുക്കപ്പെട്ട അംഗം എത്താനായി കാത്തിരുന്നത്.