കാസർകോട് : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ രണ്ടുപേർ മഞ്ചേശ്വരത്ത് പിടിയിൽ (Two arrested for smuggling liquor from Karnataka to Kerala). പെരിയ കാഞ്ഞിരടുക്കം സ്വദേശി ദാമോദരൻ, മൈലാട്ടി സ്വദേശി മനോമോഹനൻ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. കാറിൽ കടത്താൻ ശ്രമിച്ച 172 ലിറ്റർ കർണാടക മദ്യമാണ് ഇവരില്‍ നിന്ന് പിടികൂടിയത് (Liquor Smuggling From Karnataka). മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്‌ടർ (Excise Inspector) ആർ റിനോഷും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
KL 59 A 4571 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 20 കാർഡ് ബോർഡ് ബോക്‌സുകളിൽ 960 ടെട്രാ പാക്കറ്റുകളിലായാണ് (Tetra Packet) 172 ലിറ്റർ കർണാടകമദ്യം കണ്ടെത്തിയത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസറായ കെ സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് ഇജാസ് പി പി, മഞ്ജുനാഥൻ വി, അഖിലേഷ് എം എം, ഡ്രൈവർ സത്യൻ കെ ഇ എന്നിവർ നേതൃത്വം നല്‍കി.
നേരത്തെ മഞ്ചേശ്വരത്ത് നിന്നുതന്നെ, കേരളത്തിലേക്ക് കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടിയിരുന്നു. 2,484 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യമാണ് പിടികൂടിയിരുന്നത്. കർണാടക സ്വദേശി രാധാകൃഷ്‌ണ കമ്മത്താണ് അറസ്റ്റിലായത്. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ, എക്സൈസ് ഇൻസ്പെക്‌ടർ ആർ റിനോഷും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് അന്നും മദ്യം പിടികൂടിയത്. ഒപ്പം തന്നെ ദോസ്‌ത് ഗുഡ്‌സ് കാരിയർ വാഹനവും പിടിച്ചെടുത്തു. 750 ന്‍റെ 720 കുപ്പികളിലായി 540 ലിറ്ററും 180 ന്‍റെ 10,800 കുപ്പികളിലായി 1,944 ലിറ്ററുമടക്കം ആകെ 2,484 ലിറ്റർ ഗോവൻ മദ്യവും 90,000 രൂപയുമാണ് പിടിച്ചെടുത്തത്.
ALSO READ: കേരളത്തിലേക്ക് കടത്തുകയായിരുന്ന 2,484 ലിറ്റര്‍ വിദേശമദ്യം പിടികൂടി
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 285 ലിറ്റർ വിദേശ മദ്യം എക്സൈസ് നേരത്തെ പിടികൂടിയിരുന്നു. ഇതിൽ 129 ലിറ്റർ ഗോവൻ നിർമിത മദ്യവും 155 ലിറ്റർ കർണാടക മദ്യവുമായിരുന്നു. കാസര്‍കോട് ഷിറിബാഗിലു സ്വദേശി സുരേഷ് ബി പിയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയും കാറിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്തിയ കാറും കസ്‌റ്റഡിയിലെടുത്തു.
ALSO READ: കേരളത്തിലേക്ക് കടത്തുകയായിരുന്ന 285 ലിറ്റർ വിദേശ മദ്യം പിടികൂടി
മഞ്ചേശ്വരം മുഗുവിലെ ബെപ്പാരിപ്പൊന്നത്ത് കാറില്‍ കടത്തുകയായിരുന്ന 672 കുപ്പി വിദേശ മദ്യവും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. മുഗു ചെന്നക്കുണ്ടിലെ കൃഷ്‌ണകുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വിവര പ്രകാരം കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടോണി എസ് ഐസക്കും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.