കാസർകോട് : ആർഎസ്എസ് രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തുകയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമാണ് അവർക്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത പ്രചരിപ്പിച്ച് പാർട്ടി ശക്തിപ്പെടുത്താനാണ് ശ്രമം. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വർഗീയത, ഭൂരിപക്ഷ വർഗീയതയ്ക്ക് വളമാകും. രണ്ടും പരസ്‌പര പൂരകങ്ങളാണ്. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ഭീതി ഉപയോഗപ്പെടുത്തുകയാണ് ഇന്ന് മത തീവ്രവാദ സംഘടനകൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർഎസ്‌എസ് ഉണ്ടാക്കുന്ന ഭീഷണി തങ്ങളുടെ തടിമിടുക്ക് കൊണ്ട് നേരിടാമെന്ന് എസ്‌ഡിപിഐ കരുതുന്നു. ഇത് ആർഎസ്‌എസിന് തന്നെയാണ് ഗുണമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: K-Rail| 'കേരള വികസനത്തിന് കെ റെയിൽ വേണം' ; യുഡിഎഫിന്‍റേത് സങ്കുചിത രാഷ്‌ട്രീയമെന്ന് കോടിയേരി
ആർഎസ്എസിന് സമരസപ്പെട്ട് പോവുകയാണ് കോൺഗ്രസ്. കോൺഗ്രസ് രാജ്യത്ത് ബദലല്ല. ബദലിന് ബദൽ നയം വേണം. സാമ്പത്തിക, വർഗീയ വിഷയങ്ങളില്‍ കോൺഗ്രസിന് ബദൽ നയമില്ല. സിൽവർലൈൻ ഇക്കാലത്തല്ലെങ്കിൽ പിന്നെ എപ്പോഴാണ് നടക്കുക. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കിൽ അത് നടപ്പാക്കാനാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.