കാസർകോട് : വിജയ പ്രതീക്ഷയുമായി കേരള ബീച്ച് ഫുട്ബോൾ ടീം ഗോവയിലേക്ക്. ദേശീയ ഗെയിംസിൽ മത്സരിക്കുന്നതിനായി പരിശീലനം പൂർത്തിയാക്കിയ കേരള ടീം നാളെ പുറപ്പെടും. ഇത്തവണ ആദ്യമായാണ് ബീച്ച് ഫുട്ബോൾ ദേശീയ ഗെയിംസിൽ മത്സര ഇനമായി ഉൾപ്പെടുത്തുന്നത്.
കാസർകോട് തൃക്കരിപ്പൂരിലെ മാവില ബീച്ചിലായിരുന്നു ടീമിന്‍റെ പരിശീലനം. 12 അംഗ സംഘമാണ് ടീമിൽ ഉള്ളത്. 25 ദിവസമായിരുന്നു പരിശീലന ക്യാമ്പ്. കഴിഞ്ഞ നാഷണൽ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട് (National Beach Football Championship).
തയ്യാറെടുപ്പിന്‍റെ ഭാഗമായി ചിട്ടയായ പരിശീലനമായിരുന്നു ദിവസങ്ങളോളം ടീം നടത്തി വന്നത്. പരിചയ സമ്പന്നരായ കളിക്കാർക്കൊപ്പം, സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്‌ചവച്ച പുതിയ താരങ്ങളും അണിനിരക്കുന്നുണ്ട്.
26 നാണ് ദേശീയ ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഗോവയിൽ വച്ച് നടക്കുന്നത്. 37-ാമത് ദേശീയ ഗെയിംസിൽ കേരളം മത്സരിക്കുന്നത് 33 ഇനങ്ങളിലാണ്. 496 താരങ്ങളാണ് കേരളത്തിനുവേണ്ടി ജഴ്‌സിയണിയുന്നത്. നീന്തൽ താരം ഒളിമ്പ്യൻ സാജൻ പ്രകാശ് സംസ്ഥാനത്തിന്‍റെ പതാകയേന്തും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ 20 ദിവസങ്ങളായി വിവിധയിടങ്ങളിൽ ക്യാമ്പ് നടന്നു വരികയാണ്.