കാസർകോട്: കൊവിഡ് പരിശോധന ഫലം രണ്ട് മണിക്കൂറില്‍ അറിയുന്ന ട്രൂ നാറ്റ് ടെസ്റ്റ് കാസർകോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഇതിനായി രണ്ട് മെഷീനുകൾ ആശുപത്രിയില്‍ സ്ഥാപിച്ചു. ഒരേസമയം രണ്ട് പേർ അടങ്ങുന്ന മൂന്ന് ബാച്ച് പരിശോധനയിലൂടെ ആറ് പേരുടെ സ്രവ പരിശോധന ഓരോ ദിവസവും സാധ്യമാകും.
ചികിത്സയിലുള്ള രോഗികള്‍ക്കും, അത്യാസന്ന നിലയിലുള്ളവര്‍ക്കും, മൃതദേഹത്തിന്‍റെ കൊവിഡ് ടെസ്റ്റിനും ഈ സങ്കേതിക വിദ്യ ഉപയോഗിക്കും. ഫലം ലഭിക്കാനുള്ള നീണ്ട നേരത്തെ കാത്തിരിപ്പാണ് ഇതോടെ ഒഴിവാകുന്നത്. നേരത്തെ ജൂണ്‍ 27ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ടെസ്റ്റിന്‍റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രയല്‍ സമയത്ത് എടുത്ത സ്രവം നെഗറ്റീവായിരുന്നു. ട്രൂ നാറ്റ് ടെസ്റ്റിന്‍റെ ആദ്യ സ്രവ പരിശോധന ഇന്ന് നടന്നു. കിടത്തി ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവങ്ങളാണ് പരിശോധിച്ചത്. പരിശോധിച്ച മൂന്ന് സ്രവങ്ങളും നെഗറ്റീവാണെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ രാജാറാം പറഞ്ഞു.