കാസർകോട്: നല്ല വൃത്തിയുള്ള പഴുത്തുണങ്ങിയ മാവിലയുണ്ടോ.. ഉണ്ടെങ്കില്‍ ഒരു കിലോ എത്തിച്ചു കൊടുത്താൻ നല്ല ഉഗ്രൻ വില കിട്ടും. സംശയിക്കേണ്ട സംഭവം സത്യമാണ്. കാസർകോട് എടക്കാനത്തെ കർഷക കൂട്ടായ്‌മയായ ഇനോ വെൽനസ് നിക്കയാണ് നവ സംരഭത്തിന് പിന്നിൽ.
ദന്ത സംരക്ഷണത്തിനാവശ്യമായ പൽപ്പൊടി നിർമ്മിക്കുന്നതിനാണ് ഇനോ വെൽനസ് നിക്ക മാവില ശേഖരിക്കുന്നത്. എത്തിച്ച് കൊടുത്താൽ കിലോക്ക് 150 രൂപ കിട്ടും. രണ്ട് കിലോ മാവില നൽകിയാൽ പണമോ കമ്പനിയുടെ ഷെയറോ ആണ് വാഗ്ദാനം.
പ്രകൃതി ദത്തമായ ചേരുവകള്‍ ഉപയോഗിച്ച് പൽപ്പൊടി നിർമിക്കുന്നതിനുള്ള പേറ്റന്‍റ് കമ്പനിക്ക് ലഭിച്ചിരുന്നു. തുടർന്നാണ് മാവില ശേഖരണം ആരംഭിച്ചത്. ഏതു മാവിന്‍റെ ഇലയും കമ്പനി സ്വീകരിക്കും. പക്ഷേ പഴുത്ത് ഉണങ്ങിയതും വൃത്തിയുള്ളതുമാവണമെന്ന് നിർബന്ധമുണ്ട്. മാവില ശേഖരിക്കാൻ ഓരോ പഞ്ചായത്തിലും കമ്പനിയുടെ ആളുകൾ എത്തും.
മാവില ശേഖരിച്ച് പാൽപ്പൊടി നിർമാണം ആലോചിച്ചപ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും എതിർത്തിരുന്നുവെന്ന് കമ്പനി മാനേജിങ് ഡയറക്‌ടറും മുൻ പഞ്ചായത്ത് മെമ്പറുമായ എബ്രഹാം പറയുന്നു.
ALSO READ പിറന്നാളിന് 'പിണ്ണാക്ക് കേക്ക്': മില്‍നയും ആട്ടിൻകുട്ടികളും വേറെ ലെവലാണ്
എന്നാൽ പ്രകൃതിയോട് ഇണങ്ങുന്ന സംരംഭമായിരുന്നു മനസ് മുഴുവൻ. കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ പഞ്ചായത്തിൽ നിന്നും മാവില ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രസിദ്ധമായ കണ്ണൂർ കുറ്റ്യാട്ടൂർ മാവിന്‍റെ മുഴുവൻ ഇലയും എടുക്കാനായി അധികൃതരെ സമീപിക്കുമെന്നും എബ്രഹാം പറഞ്ഞു.
വാഴപ്പിണ്ടി, കരിമ്പിൻവേസ്റ്റ് തുടങ്ങിയവ ശേഖരിച്ച് പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഇനോ വെൽനസ് നിക്ക. തേൻ, നെല്ലിക്ക, കസ്‌തൂരി മഞ്ഞൾ തുടങ്ങിവയും കർഷകരിൽ നിന്നും ശേഖരിക്കുന്നുണ്ട്.