കാസർകോട്: ജില്ലയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഗൃഹനാഥൻ അടക്കം 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ കൈക്കോട്ട് കടവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഈ മാസം എട്ടിന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്തവർക്കും ബന്ധുക്കൾക്കുമാണ് രോഗം ബാധിച്ചത്.
കൂടുതല്‍ പേരില്‍ രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ നൂറിലധികം പേര്‍ പങ്കെടുത്തതായാണ് വിവരം. കൈക്കോട്ട് കടവ്, ഉടുമ്പുന്തല, പടന്ന എന്നിവിടങ്ങിലുള്ള ആളുകളാണ് പങ്കെടുത്തത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പടന്ന പഞ്ചായത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇന്ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ ഇന്ന് അര്‍ധ രാത്രി മുതല്‍ ചന്തേര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓട്ടോ, ടാക്‌സി എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിരോധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ എല്ലാ കടകളും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ആളുകള്‍ കൂട്ടം കൂടരുത്. കൈക്കോട്ടുകടവില്‍ സമ്പര്‍ക്കം വഴി കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൈക്കോട്ടുകടവ് മുസ്‌ലം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലുള്ള മുഴുവന്‍ പള്ളികളിലും ജമാഅത്ത് നിസ്‌കാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.