കാസർകോട്: കോടികള്‍ ചെലവഴിച്ച് പണിതീര്‍ത്ത കാസര്‍കോട് ബേളയിലെ ഡ്രൈവിങ് ട്രാക്ക് നാശത്തിലേക്ക്. ഒരു വര്‍ഷത്തെ ബില്‍ കുടിശിക വന്നതോടെ കെഎസ്‌ഇബി വൈദ്യുത ബന്ധം വിച്ഛേദിച്ചു. 63222 രൂപയാണ് കുടിശികയായത്. സിസിടിവി നിരീക്ഷണത്തോടെ പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന കംപ്യൂട്ടറൈസ്‌ഡ് മോട്ടോര്‍ ഡ്രൈവിങ് ട്രാക്ക് പദ്ധതിയാണ് തുടക്കത്തിലേ പാളുന്നത്. നാല് കോടിയിലേറെ രൂപ ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയതെങ്കിലും അതിന്‍റെ ഗുണഫലം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായിട്ടില്ല.
ജര്‍മ്മന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ വിദഗ്‌ധര്‍ എത്താത്തതാണ് പ്രവര്‍ത്തനം വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ത്രീ ഫേസ് ലൈന്‍ വഴിയാണ് വൈദ്യുതിയെത്തിച്ചത്. '8'ന്‍റെ ഒരു ട്രാക്കും 'H'ന്‍റെ രണ്ട് ട്രാക്കും ആംഗുലാര്‍ പാര്‍ക്കിങ്, ലേണേഴ്‌സ് പരീക്ഷാ കേന്ദ്രം എന്നിവക്കുള്ള സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിരുന്നത്. നിരവധി യന്ത്ര സാമഗ്രികളും ഇതിനായി തയാറാക്കിയിരുന്നു. ഇതെല്ലാം ഉപയോഗശൂന്യമാകുന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഡ്രൈവിങ് ട്രാക്ക് ഒരിക്കലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാകും.