കാസര്‍കോട് : തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് ചെയ്ത് കാസര്‍കോട്ടെ സ്ഥാനാര്‍ഥികളും നേതാക്കളും. പോളിങ് ആരംഭിച്ച സമയത്ത് തന്നെ സ്ഥാനാര്‍ഥികള്‍ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. മിക്കയിടങ്ങളിലും അരമണിക്കൂറിലേറെ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്.
എൽ ഡി എഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന്‍ രാവിലെ ഏഴിന് തന്നെ നീലേശ്വരം പേരാല്‍ ഐടിസിയിലെ ബൂത്തിലെത്തി. മികച്ച ഭൂരിപക്ഷത്തില്‍ കാസര്‍കോട്ടെ ജനങ്ങള്‍ ഇടതുമുന്നണിയെ വിജയിപ്പിക്കുമെന്ന് സതീഷ് ചന്ദ്രന്‍ പറഞ്ഞു. എന്‍ ഡി എ സ്ഥാനാര്‍ഥി രവീഷ് തന്ത്രി വീടിനടുത്തുള്ള കുണ്ടാര്‍ എ യു പി സ്‌കൂളിലെ ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പുതിയ വോട്ടര്‍മാര്‍ എന്‍ ഡി എക്ക് ഒപ്പം നില്‍ക്കുമെന്നും ഇത് അനുകൂലമാകുമെന്നും രവീശ് തന്ത്രി പറഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് കൊല്ലം ജില്ലയിലാണ് വോട്ട്. എന്നാൽ കാസര്‍കോട്ടെ ബൂത്തുകളില്‍ പോകേണ്ടുന്നതിനാല്‍ അദ്ദേഹത്തിന് സമ്മതിദാനം വിനിയോഗിക്കാന്‍ പറ്റിയില്ല. എങ്കിലും രാവിലെ മുതല്‍ തന്നെ കാസര്‍കോട്ടെ ബൂത്തുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.
മന്ത്രി ഇ ചന്ദ്രശേഖരന്‍ കോളിയടുക്കം യു പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാ പ്രചാരവേലകളെയും മറികടന്ന് ഇടതുമുന്നണി കാസര്‍കോട്ടും സംസ്ഥാനത്താകെയും മികച്ച വിജയം നേടുമെന്ന് മന്ത്രി പറഞ്ഞു. പി കരുണാകരന്‍ എം പി നീലേശ്വരം എന്‍ കെ ബി എം എ യുപി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.