കാസർകോട് : തുളുനാടിന്റെ പ്രധാന കലാരൂപമാണ് യക്ഷഗാനം. ഇതിനെ പ്രോത്സാഹിപ്പിക്കാനും യക്ഷഗാന കുലപതി പാർത്ഥിസുബ്ബന്റെ സ്മരണ എന്നേക്കും നിലനിര്‍ത്താനും ആരംഭിച്ച കലാകേന്ദ്രം പൂർണ നാശത്തിന്റെ വക്കിലാണ്. കെട്ടിടം മുഴുവൻ കാടുകയറി. മദ്യക്കുപ്പികൾ കൊണ്ട് നിറഞ്ഞതുമായ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുമുണ്ട്.
2010ലാണ് കുമ്പള മുജുംഗാവിൽ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. യക്ഷഗാന കലാരൂപത്തെ യുവതലമുറകൾക്ക് പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രം, ഗവേഷണത്തിന് ഉപയോഗിക്കാവുന്ന ലൈബ്രറി, യക്ഷഗാന പരിപാടികൾക്കായുള്ള ഹാൾ എന്നിവയായിരുന്നു കലാകേന്ദ്രം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പത്ത് വർഷത്തിനിപ്പുറവും കെട്ടിട നിർമാണം പൂർത്തിയായില്ല.
നിലവില്‍ കാടുകയറിയും ദ്രവിച്ചും, 40 ലക്ഷം ചെലവഴിച്ച് നിർമിച്ച കെട്ടിടം നശിക്കുകയാണ്. യക്ഷഗാന കലാകാരന്മാർ പരാതിയുമായി ചെന്നാൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മടങ്ങും. പക്ഷേ നടപടികളുണ്ടാവില്ല. ഈ കലാരൂപത്തെയും അതിന്റെ കുലപതിയെയും സർക്കാർ അവഹേളിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
തുളുനാടിന് വലിയ പ്രതീക്ഷ നൽകിയാണ് കലാകേന്ദ്ര നിർമാണത്തിന് തുടക്കം കുറിച്ചത്. കെട്ടിടത്തിന്റെ ഭിത്തികൾ കെട്ടി ഉയർത്തുകയും ഭാഗികമായി മേൽക്കൂര ഓടുമേയുകയും ചെയ്തിരുന്നു. ഇതിനിടയിൽ പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പിന്നീട് പണി നിർത്തിവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല മദ്യലഹരിയിൽ ചിലര്‍ കെട്ടിടത്തിന്റെ ഓടുകളൊക്കെ എറിഞ്ഞുപൊളിക്കുന്നതായും ആക്ഷേപമുണ്ട്.
കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് 'ബയലാട്ടം' എന്നുകൂടി അറിയപ്പെടുന്ന 'യക്ഷഗാനം'. പക്ഷേ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്. കർണാടകയിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലും കേരളത്തില്‍ കാസർകോട് ജില്ലയിലുമാണ് യക്ഷഗാനം പ്രചാരത്തിലുള്ളത്. വൈഷ്ണവഭക്തിയാണ് ഇതിന്റെ മുഖ്യപ്രചോദനം.