കാസര്‍കോട്: മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരന്‍ ഉള്‍പ്പടെ മൂന്ന് പേർ അറസ്റ്റിൽ. മഞ്ചേശ്വരം കളായിയിലെ പ്രഭാകര നൊണ്ട (40) കൊല്ലപ്പെട്ട കേസില്‍ സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്‌മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് അറസ്റ്റിലായത്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അനുജനെ കൊലപ്പെടുത്താൻ ജയറാം നൊണ്ട ക്വട്ടേഷൻ നൽകുകയായിരുന്നു. കൊലപാതക സംഘത്തിൽ ആറ് പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേർ ഒളിവിലാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകര കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ച് കൊല്ലപ്പെട്ടത്. സംഭവസമയത്ത് പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
കൊലപാതക കേസിലടക്കം പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നൊണ്ട. ശനിയാഴ്‌ച പുലര്‍ച്ചെയാണ് പ്രഭാകര കൊല്ലപ്പെട്ടത്. സഹോദരന്‍ ജയറാം നൊണ്ട പ്രഭാകരയെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. കഴുത്തിലും നെഞ്ചിലുമടക്കം നിരവധിയിടങ്ങളിൽ കുത്തേറ്റിരുന്നു. പ്രതി ജയറാം നൊണ്ടയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഡോ. വന്ദന ദാസ് കൊലപാതകം, സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.
സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രതി ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നുമാണ് ഫോറന്‍സിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പരിശോധന ഫലം കോടതിക്ക് കൈമാറി. പ്രതി സന്ദീപിന്‍റെ രക്തം, മൂത്രം എന്നിവ പരിശോധിച്ചതില്‍ മദ്യത്തിന്‍റെയോ മറ്റ് ലഹരി വസ്‌തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.
സന്ദീപ് ലഹരിയുടെ സ്വാധീനത്താല്‍ കൊലപാതകം നടത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയില്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
മെയ് 10 നായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്‌ടറായ വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ സന്ദീപ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ചികിത്സയ്ക്കിടെ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി സന്ദീപ് ഡോ വന്ദന ദാസിനെ കൊലപ്പെടുത്തിയത്.
പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചതിനിടെ പുലർച്ചെ നാല് മണിയോടെയായിരുന്നു പ്രതി കൃത്യം നടത്തിയത്. തുടര്‍ന്ന് വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വന്ദനയുടെ കഴുത്തിലും നെഞ്ചിലുമായി 20 ലധികം കുത്തേറ്റിരുന്നു. വന്ദനയുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്‌ടര്‍മാരുടെ സംഘടനകളുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം പണിമുടക്കി പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ ഓര്‍ഡിനന്‍സിന് അംഗീകാരം നൽകിയിരുന്നു.