കാസര്‍കോട്: മൂന്നാം ഘട്ടത്തിലും കൊവിഡ് ഭീതി വിതച്ച് ജില്ലയില്‍ വൈറസ് ബാധിതർ കൂടുന്നു. രണ്ടാം ഘട്ടത്തിൽ ദുബായിയിലെ നെയ്ഫിൽ നിന്നും തിരിച്ചെത്തിയവരായിരുന്നു ജില്ലയെ മുൾമുനയിൽ നിർത്തിയത്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ് രോഗബാധിതരുടെ പട്ടികയിലേറെയും. ഈ ഘട്ടത്തില്‍ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 81 രോഗികളിൽ 57 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. ഇവരുടെ സമ്പർക്ക പട്ടികയിൽപെട്ടവരും രോഗബാധിതരുടെ കൂട്ടത്തിലുണ്ട്. കർണാടകയിൽ നിന്നും വന്ന ഒരാൾക്കും തമിഴ്‌നാട്ടിൽ നിന്നും വന്ന രണ്ട് പേർക്കും വിദേശത്ത് നിന്നും വന്ന 13 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കാലയളവിൽ എട്ട് പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
മൂന്നാം ഘട്ട രോഗവ്യാപനത്തിനിടെ വിദേശത്ത് നിന്ന് 646 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4976 പേരും ജില്ലയിലെത്തി. ഏറ്റവുമധികം പേര്‍ മടങ്ങിയെത്തിയത് മഹാരാഷ്ട്രയില്‍ നിന്നാണ്. ക്വാറന്‍റൈന്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ സമൂഹ വ്യാപനം തടയാൻ സാധിക്കൂവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. രാജ്യത്തിനകത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്‍റൈയിനാണ് നിലവിൽ നിർദേശിക്കുന്നത്. പരിശോധന ഫലം വരുന്നതുവരെ മുറിക്കകത്ത് കഴിയുന്നതിനുള്ള നിർദേശം കർശനമായി നടപ്പാക്കിയാൽ നിലവിലെ പ്രതിസന്ധിയെ മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കാസര്‍കോട് മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും രോഗികളെ ചികിത്സിക്കുന്നതിന് നിലവിൽ സൗകര്യം ഉണ്ട്. ഇതിനൊപ്പം ജില്ലാ ആശുപത്രിയും ചികിത്സക്കായി ഏറ്റെടുത്താൽ മറ്റു സൗകര്യങ്ങളും പര്യാപ്തമാണെന്നാണ് വിലയിരുത്തൽ.