കാസർകോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദ്ദീനെ തള്ളി യുഡിഎഫ് നേതൃത്വം. കേസിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കുമെന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിന്. കേസില്‍ അറസ്റ്റുണ്ടാകുമെന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ എംഎല്‍എയോട് രാജി ആവശ്യപ്പെടാനുള്ള സാധ്യതയുമേറിയിട്ടുണ്ട്. അറസ്റ്റിന് മുന്‍പ് എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിലൂടെ കേസിന്‍റെ പേരില്‍ പാര്‍ട്ടിയ്ക്കും മുന്നണിക്കുമുണ്ടായ തിരിച്ചടി മറികടക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കമറുദ്ദീന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യമുന്നയിച്ചിരുന്നു. ജ്വല്ലറി നിക്ഷേപ കേസില്‍ ലീഗ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എം എം ഹസന്‍ പറഞ്ഞ മറുപടി തന്നെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും. രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നായിരുന്നു മറുപടി. ബിസിനസ് നടത്തുന്നതില്‍ കമറുദ്ദീന്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. പണം തിരികെ നല്‍കുമെന്നാണ് കമറുദ്ദീന്‍ പറഞ്ഞിരിക്കുന്നത്. ധാര്‍മികതയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും മറ്റു കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകരെ കൈവിടില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും കേസില്‍ പ്രതിയായ എം സി കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു. തന്‍റെ പേരില്‍ 250 ഏക്കര്‍ ഭൂമി ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ അതിന്‍റെ വിവരങ്ങള്‍ മധ്യസ്ഥനായി പാര്‍ട്ടി നിയോഗിച്ച മാഹിന്‍ ഹാജിയെ ഏല്‍പ്പിച്ചാല്‍ പ്രശ്‌നം കഴിഞ്ഞില്ലേയെന്നും കമറുദ്ദീന്‍ ചോദിച്ചു.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ എം സി കമറുദ്ദീനെതിരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 94 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ എംഎല്‍എക്കെതിരായ കുരുക്ക് മുറുകി എന്ന വിലയിരുത്തല്‍ മുസ്ലീം ലീഗിനും യുഡിഎഫ് നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തിലാണ് രാജിക്കാര്യം ചര്‍ച്ചയാകുന്നത്. നേരത്തെ സാമ്പത്തിക ഇടാപടുകളില്‍ പ്രശ്‌നപരിഹാരത്തിന് ആറ് മാസത്തെ സമയം ലീഗ് നേതൃത്വം അനുവദിച്ചിരുന്നു.