കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റിലുറപ്പിച്ച ഇരുമ്പുപാളി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ആർപിഎഫും പൊലീസും. സംസ്ഥാന പൊലീസും ആർപിഎഫും പ്രത്യേക സംഘങ്ങളായി അന്വേഷണം നടത്തും. ഇതിന്‍റെ ഭാഗമായി നാളെ(24.08.2022) ഉന്നത ആർപിഎഫ് ഉദ്യോഗസ്ഥർ കാസർകോട് എത്തും.
ആർപിഎഫ് ഉദ്യോഗസ്ഥർ ജില്ല പൊലീസ് മേധാവിയുമായി ചർച്ച നടത്തും. തുടർച്ചയായി ട്രാക്കിൽ തടസങ്ങൾ വയ്‌ക്കുന്നത് യാദൃശ്ചികമല്ലെന്ന് തന്നെയാണ് അധികൃതരുടെ നിഗമനം. അട്ടിമറി ശ്രമങ്ങളുണ്ടോ എന്ന കാര്യം പൊലീസ് ഇന്‍റലിജൻസ് വിഭാഗം അന്വേഷിക്കും.
ഭാരമുള്ള വസ്‌തുവായതിനാൽ ഒന്നിലധികം പേർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആർപിഎഫ് പാലക്കാട് എഎസ്‌പി സഞ്ജയ് പണിക്കർ സ്ഥലത്ത് എത്തിയിരുന്നു. റെയിൽവേ ട്രാക്കിൽ പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂലൈയിലും ട്രാക്കിൽ കല്ലുകൾ നിരത്തിവച്ചതായി കണ്ടെത്തിയിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ പല സ്ഥലത്തും ട്രാക്കിൽ ബോധപൂർവം കല്ലുകൾ നിരത്തിയ പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നു.